മാലി
എടികെ മോഹൻ ബഗാൻ എഎഫ്സി കപ്പ് ഫുട്ബോൾ സെമി ഫെെനൽ പ്ലേ ഓഫിൽ. ഗ്രൂപ്പ് ഡിയിലെ അവസാനമത്സരത്തിൽ ബംഗ്ലാദേശ് ചാമ്പ്യൻ ക്ലബ്ബായ ബശുന്ദര കിങ്സിനെ സമനിലയിൽ തളച്ചാണ് എടികെയുടെ മുന്നേറ്റം (1–1).
ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നോക്കൗട്ടിൽ കടക്കുന്ന 14–ാമത്തെ ഇന്ത്യൻ ക്ലബ്ബാണ് എടികെ. 2018ൽ ബംഗളൂരു എഫ്സിയാണ് അവസാനമായി ഈ നേട്ടം സ്വന്തമാക്കിയത്. സെപ്തംബർ 22ന് നടക്കുന്ന സെമി പ്ലേ ഓഫിൽ ഉസ്–ബെക്കിസ്ഥാന്റെ എഫ്സി നസാഫോ തുർക്മെനിസ്ഥാന്റെ എഫ്സി അഹാലോ ആകും എടികെയുടെ എതിരാളി.
ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് എടികെയുടെ മുന്നേറ്റം. കളിച്ച മൂന്നിൽ രണ്ടിലും ജയിച്ച് ഏഴ് പോയിന്റ് നേടി. ഇതേ ഗ്രൂപ്പിലായിരുന്ന മറ്റൊരു ഇന്ത്യൻപ്രതീക്ഷ ബംഗളൂരു എഫ്സി പുറത്തായി. ബശുന്ദരയ്ക്കെതിരെ സമനില മതിയായിരുന്നു റോയ് കൃഷ്ണ നയിക്കുന്ന എടികെയ്ക്ക്. ഒന്നാംപകുതിയിൽ ബ്രസീലുകാരൻ ഫെർണാണ്ടെസിലൂടെ ബശുന്ദര മുന്നിലെത്തി. ഇടവേളയ്ക്കുമുമ്പ് സുശാന്തോ ത്രിപുര ചുവപ്പുകാർഡ് കണ്ട് മടങ്ങിയതോടെ അവർ 10 പേരായി ചുരുങ്ങി.
രണ്ടാംപകുതി എടികെ കളംപിടിച്ചു. തുടർച്ചയായ ആക്രമണങ്ങൾക്ക് ഫലമുണ്ടായി. ലിസ്റ്റൺ കൊളാസോ ഒരുക്കിയ പന്ത് ഡേവിഡ് വില്യംസ് വലയിലാക്കിയതോടെ എടികെ നോക്കൗട്ട് ഉറപ്പിച്ചു.