ടോക്യോ
ഒരു പരിമിതിയും മുന്നോട്ടു കുതിപ്പിന് തടസ്സമല്ലെന്ന് ഓർമിപ്പിച്ച് ഭിന്നശേഷിക്കാരുടെ ഒളിമ്പിക്സായ പാരാലിമ്പിക്സിന് തുടക്കം. ‘നമുക്ക് ചിറകുകളുണ്ട്’ എന്ന സന്ദേശമോതി കായികതാരങ്ങൾ ടോക്യോ ന്യൂ നാഷണൽ സ്റ്റേഡിയത്തിലെ മാർച്ച്പാസ്റ്റിൽ അണിനിരന്നു. കോവിഡ് ഭീതിയിലും ഒളിമ്പിക്സുപോലെ വർണാഭമായിരുന്നു പാരാലിമ്പിക്സ് ഉദ്ഘാടന ചടങ്ങും. മൂന്ന് അത്ലീറ്റുകൾ ദീപം തെളിച്ചു. സെപ്തംബർ അഞ്ചുവരെയാണ് ഗെയിംസ്. 162 രാജ്യങ്ങൾക്കൊപ്പം അഭയാർത്ഥി ടീമും അണിനിരന്നു. അഫ്ഗാൻ പതാകക്കു കീഴിൽ താരങ്ങളുണ്ടായില്ല.
ഇന്ത്യക്കായി ജാവ്ലിൻ ത്രോതാരം ടെക്ചന്ദ് ദേശീയ പതാകയേന്തി. ഹൈജമ്പ് സ്വർണമെഡൽ ജേതാവ് മാരിയപ്പൻ തങ്കവേലു കോവിഡ് നിരീക്ഷണത്തിലായതിനാൽ ടെക്ചന്ദിന് അവസരം കിട്ടി. ഗെയിംസിൽ ഇന്ത്യക്കായി 54 അംഗ ടീമാണുള്ളത്. ഇന്ന് വനിതകളുടെ ടേബിൾടെന്നീസിൽ സൊനാൽബൻ പട്ടേലും ഭാവിന പട്ടേലും സിംഗിൾസിൽ ഇറങ്ങും.