കൊച്ചി
ഒളിമ്പിക്സ് ഫുട്ബോളിൽ 1960നുശേഷം ഇന്ത്യ യോഗ്യത നേടിയിട്ടില്ല. നാല് ഒളിമ്പിക്സിലായി ആറു മലയാളികളാണ് ഇന്ത്യൻ കുപ്പായമണിഞ്ഞത്. അതിലെ അവസാനത്തെ കളിക്കാരനാണ് ഓർമയായത്. 1960ലെ റോം ഒളിമ്പിക്സിലായിരുന്നു ഒ ചന്ദ്രശേഖരൻ ഇന്ത്യക്കായി കളിച്ചത്.
1948ലെ ലണ്ടൻ ഒളിമ്പിക്സിൽ തോമസ് വർഗീസ് എന്ന തിരുവല്ല പാപ്പൻ, 1952 ഹെൽസിങ്കിയിൽ പി ബി അബ്ദുൽ സാലി എന്ന കോട്ടയം സാലി, 1956 മെൽബണിൽ ടി അബ്ദുറഹ്മാൻ എന്ന ഒളിമ്പ്യൻ റഹ്മാൻ, 1956ലും 1960ലും ഗോൾകീപ്പർ എസ് എസ് നാരായൻ, 1960ൽ ചന്ദ്രശേഖരനൊപ്പം എം ദേവദാസ് എന്നിവരാണ് ഫുട്ബോളിലെ മലയാളി ഒളിമ്പ്യൻമാർ. മുബൈയിൽ താമസമാക്കിയിരുന്ന നാരായൻ ഇത്തവണ ഒളിമ്പിക്സ് നടക്കുന്നതിനിടെയാണ് വിടപറഞ്ഞത്.
ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ 1960ൽ സമനിലയിൽ തളച്ച ചരിത്രമുണ്ട് ഇന്ത്യക്ക്. അന്ന് വലതുവിങ്ങിൽ പ്രതിരോധക്കോട്ട കെട്ടിയത് ഒളിമ്പ്യൻ ചന്ദ്രശേഖരൻ എന്ന ഒ ചന്ദ്രശേഖരമേനോനാണ്. പീറ്റർ തങ്കരാജ്, എസ് എസ് നാരായൻ, പി കെ ബാനർജി, ജർണെയ്ൽ സിങ്, ചുനി ഗോസ്വാമി, സൈമൺ സുന്ദർരാജ് എന്നീ പ്രമുഖർ ഉൾപ്പെട്ട ഇന്ത്യൻ ടീമിലെ പ്രതിരോധക്കാരൻ. ഒളിമ്പിക്സിലെ ആദ്യകളിയിൽ ഹംഗറിയോട് 2-–-1ന് തോറ്റശേഷമാണ് ഫ്രാൻസുമായി സമനില. പെറുവിനോട് 3-–-1ന് തോറ്റതോടെ സെമി കാണാതെ പുറത്തായി. അതോടെ ഇന്ത്യയുടെ ഒളിമ്പിക്സ് അവസാനിച്ചു.
ഇരിങ്ങാലക്കുട ഗവ. ഹൈസ്കൂളിൽ പന്തുകളിച്ച് ദേശീയ ടീമിലെത്തിയതാണ് ചന്ദ്രശേഖരൻ. തൃശൂർ സെന്റ് തോമസ് കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും കളി തുടർന്നു. അപ്പോഴേക്കും ബോംബെ കാൾട്ടക്സിൽനിന്ന് വിളി വന്നു. അവിടെ ജോലിയും കളിയും. പിന്നാലെ ഇന്ത്യൻ ടീമിലേക്കും.ഇന്ത്യൻ ഫുട്ബോളിലെ സുവർണനിരയുടെ പൊട്ടാത്ത കണ്ണിയായിരുന്നു. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായും പ്രതിരോധക്കാരൻ തിളങ്ങി. 1964 ടോക്യോ ഒളിമ്പിക്സിനുള്ള യോഗ്യതാ മത്സരങ്ങൾ കളിച്ചു. പക്ഷേ, ഇന്ത്യക്ക് യോഗ്യത നേടാനായില്ല.
അതിനിടെ 1956-–-1966 കാലത്ത് മഹാരാഷ്ട്രയ്ക്കായി സന്തോഷ് ട്രോഫി കളിച്ചു. 1963ൽ ക്യാപ്റ്റനായി കപ്പ് നേടി. ഇന്ത്യൻ ടീമിൽനിന്ന് വിരമിച്ചശേഷമാണ് 1966ൽ എസ്ബിഐയിൽ ചേർന്നത്. അവിടെ ഏഴുവർഷം ജോലിക്കൊപ്പം പരിശീലകന്റെയും കളിക്കാരന്റെയും ഇരട്ടറോളും വഹിച്ചു. കളി നിർത്തിയശേഷം കേരള ടീമിന്റെ സെലക്ടറും കൊച്ചി കേന്ദ്രമായി തുടങ്ങി പൊലിഞ്ഞുപോയ എഫ്സി കൊച്ചിൻ ടീമിന്റെ ജനറൽ മാനേജരുമായിരുന്നു.
സെെമൺ സുന്ദർരാജും (ഇടത്ത്) ഒ ചന്ദ്രശേഖരനും
‘ഓർമയിൽ റോം’
കരുത്തനായ പ്രതിരോധക്കാരനായിരുന്നു ഒ ചന്ദ്രശേഖരൻ. 1960ലെ റോം ഒളിമ്പിക്സിൽ മൂന്ന് മത്സരങ്ങളാണ് ഒപ്പം കളിച്ചത്. അന്നത്തെ പതിനൊന്നുപേരും ഒന്നിനൊന്ന് മെച്ചമാണ്. ആ സുവർണനിരയിൽ വലതുവിങ്ങിലായിരുന്നു ചന്ദ്രശേഖരന്റെ സ്ഥാനം. ഫ്രാൻസിനെ സമനിലയിൽ കുരുക്കിയ ആ പടയാളികളിൽ ഓരോരുത്തരായി മറയുന്നു. ഗോളി നാരായനു പിന്നാലെ ഇപ്പോൾ ചന്ദ്രശേഖരനും. അക്കാലം വീണ്ടും ഓർക്കുകയാണ്. ഒന്നിച്ചു കളിച്ച്, ഒന്നിച്ചു കഴിഞ്ഞ നല്ല നാളുകൾ–- ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സുവർണകാലം.