തിരുവനന്തപുരം
സംസ്ഥാനത്ത് കോവിഡ് ബാധിതർ വർധിക്കുന്ന സാഹചര്യത്തിൽ വാക്സിൻ വിതരണം വേഗത്തിലാക്കി പരമാവധിപേരെ സുരക്ഷിതരാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശം. സെപ്തംബർ അവസാനത്തോടെ 18 വയസ്സിന് മുകളിലുള്ള മുഴുവൻപേർക്കും ആദ്യ ഡോസ് നൽകും. ഇതിനായി ജില്ലകളിൽ പ്രത്യേക പദ്ധതി തയ്യാറാക്കി വാക്സിനേഷൻ യജ്ഞം ശക്തിപ്പെടുത്തും. വിതരണത്തിൽ കാലതാമസം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. സിറിഞ്ച് ക്ഷാമം പരിഹരിക്കുകയാണ്. രോഗികൾ വർധിച്ചാലുള്ള പ്രതിരോധ പ്രവർത്തനം സംബന്ധിച്ച് ചൊവ്വാഴ്ച ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പരിശോധന പരമാവധി വർധിപ്പിക്കും. പൊതുചടങ്ങിൽ പങ്കെടുത്തവരിൽ ആർക്കെങ്കിലും രോഗം വന്നാൽ മുഴുവൻ പേരേയും പരിശോധിക്കും. ലക്ഷണമുള്ളവരും സമ്പർക്കത്തിലുള്ളവരും നിർബന്ധമായും പരിശോധിക്കണം. 1.11 കോടി ഡോസ് വാക്സിൻ സംസ്ഥാനത്തിന് നൽകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഉറപ്പുനൽകിയിരുന്നു. ഇത് അതിവേഗം ലഭ്യമാക്കണം. ഓണശേഷം രോഗികൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ ആശുപത്രികൾ പൂർണ സജ്ജമാക്കും. കോവിഡിതര ചികിത്സയ്ക്കും പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു.