തിരുവനന്തപുരം
സ്വകാര്യ ആശുപത്രികൾക്കും ചെറുകിട ക്ലിനിക്കുകൾക്കുമായി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്സിഎൽ) സംഭരിച്ച കോവിഷീൽഡ് വാക്സിൻ ആവശ്യമുള്ളവർക്ക് അതത് ജില്ലയിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെടാം.
വാക്സിൻ സംഭരണത്തിൽ സ്വകാര്യമേഖലയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനും മൂന്നാം തരംഗം ഫലപ്രദമായി പ്രതിരോധിക്കുന്നതിനുമാണ് കെഎംഎസ്സിഎൽ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് നേരിട്ട് വാക്സിൻ വാങ്ങിയത്. സ്വകാര്യമേഖലയ്ക്ക് വാക്സിൻ നിർമാതാക്കൾ ഡോസൊന്നിന് ഈടാക്കുന്ന 630 രൂപ (ജിഎസ്ടി ഉൾപ്പെടെ) നൽകി കെഎംഎസ്സിഎല്ലിൽനിന്ന് വാക്സിൻ വാങ്ങാം. ആവശ്യമുള്ള ഡോസുകൾക്ക് മെഡിക്കൽ സർവീസസ് കോർപറേഷന്റെ ബാങ്ക് അക്കൗണ്ടിൽ തുക അടച്ചതിന്റെ രസീതുമായി ജില്ലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സമീപിച്ചാൽ വാക്സിൻ ലഭിക്കും.
ആദ്യഘട്ടത്തിൽ 10 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ സംസ്ഥാനത്ത് എത്തിച്ചു. ഇതിന്റെ വിനിയോഗശേഷം ബാക്കി എത്തിക്കുമെന്ന് കോർപറേഷൻ അറിയിച്ചു.