കാബൂള്
അമേരിക്കന് സേന ഈ മാസം 31നകം അഫ്ഗന് വിടണമെന്ന താലിബന് അന്ത്യശാസനത്തിനു പിന്നാലെ സിഐഎയുടെ തലവൻ വില്ല്യം ബേണ്സും താലിബാന് സഹസ്ഥാപകന് മുല്ല അബ്ദുള് ഗാനി ബറാദറും കാബൂളില് രഹസ്യക്കൂടിക്കാഴ്ച നടത്തി. വാഷിങ്ടണ് പോസ്റ്റാണ് വാര്ത്ത പുറത്തുവിട്ടത്. ഒഴിപ്പിക്കല് നടപടിയും സൈനികപിന്മാറ്റവും ചര്ച്ചയായെന്ന് റിപ്പോര്ട്ട്.
താലിബാനുമായി ഒപ്പിട്ട കരാര് പ്രകാരം ഈ മാസം 31നകം അഫ്ഗാനിസ്ഥാനില്നിന്ന് യുഎസ് നാറ്റോ സൈന്യത്തെ പൂര്ണമായി പിന്വലിക്കുന്നത് പ്രായോഗികമല്ല. ഈ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ഈ മാസം 14നുശേഷം സ്വന്തം പൗരന്മാരടക്കം 37,000 പേരെ അമേരിക്ക കാബൂളിൽനിന്ന് ഒഴിപ്പിച്ചു. ഞായറാഴ്ചമാത്രം 10,400 പേരെ ഒഴിപ്പിച്ചു. യുഎസ് പൗരന്മാരെയും സഖ്യകക്ഷികളായ രാജ്യങ്ങളിലെ പൗരന്മാരെയും സൈന്യത്തെ സഹായിച്ച അഫ്ഗാൻ പൗരന്മാരെയും ഉള്പ്പെടെ നിരവധി പേരെ ഇനിയും ഒഴിപ്പിക്കേണ്ടതുണ്ട്. ഇതിനുശേഷമേ അഫ്ഗാനിൽ തുടരുന്ന 5800 അമേരിക്കൻ സൈനികരെ മടക്കിക്കൊണ്ടുവരൂ എന്നാണ് യുഎസ് നിലപാടെങ്കില് അതിന് കൂടുതല് സമയം ആവശ്യമാണ്. നാറ്റോ സഖ്യം 31നുശേഷവും അഫ്ഗാനിൽ തുടരണമെന്ന് ജി 7 രാജ്യങ്ങളുടെ അടിയന്തര സമ്മേളനത്തില് ബ്രിട്ടൻ, ഫ്രാൻസ്, ജർമനി അടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടു. എന്നാല് 31നകം പിന്മാറ്റം എന്ന ലക്ഷ്യത്തോടെയാണ് സൈന്യം പ്രവര്ത്തിക്കുന്നതെന്ന് പെന്റഗണ് വക്താവ് ജോണ് കിര്ബിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവനും പ്രസ്താവന ഇറക്കി.
സമയപരിധി നീട്ടില്ലെന്ന് താലിബാന് ആവര്ത്തിച്ചു. അഫ്ഗാന് പൗരന്മാരെ രാജ്യത്തുനിന്ന് കൊണ്ടുപോകുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്നും താലിബാന് ആവശ്യപ്പെട്ടു.