ജനീവ
അഫ്ഗാനില്‍ താലിബാൻ നിയന്ത്രണ പ്രദേശങ്ങളിൽ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നതായി യുഎന്. ചെറിയ തെറ്റുകള്ക്കുപോലും വിചാരണ കൂടാതെ വധശിക്ഷ നടപ്പാക്കുന്നതിന്റെയും സ്ത്രീകള്ക്കുമേല് അടിച്ചമര്ത്തല് ശക്തമാക്കിയതിനും വിശ്വസനീയമായ തെളിവുകള് ലഭിച്ചതായി യുഎൻ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേൽ ബാഷ് ലെ പറഞ്ഞു.ഇത്തരം കാര്യങ്ങള് നിരീക്ഷിക്കാനും തടയാനും ശക്തമായ നടപടി വേണമെന്ന് അവര് ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലെത്തുമ്പോള് മുന്കാലത്തുനിന്ന് വ്യത്യസ്തമായി തുറന്ന സമീപനമാകും സ്വീകരിക്കുക എന്ന് ലോകരാജ്യങ്ങളോട് ഉറപ്പ് നല്കുന്ന താലിബാന്റെ ഭാഗത്തുനിന്ന് ഈ വാദത്തിനു നിരക്കാത്ത കാര്യങ്ങളാണ് പലയിടത്തും റിപ്പോര്ട്ട് ചെയ്യുന്നത്. ഈ ഘട്ടത്തില് രാജ്യത്ത് തുടരുന്ന കോടിക്കണക്കിന് ആളുകളുടെ പ്രതീക്ഷ മനുഷ്യാവകാശ കൗൺസിലിലാണെന്നും അവര് പറഞ്ഞു.
യുഎസ് സൈന്യത്തെ പിന്തുണച്ച അഫ്ഗാന് സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥരെയും പോരാട്ടത്തിന്റെ ഭാഗമല്ലാത്ത സാധാരണക്കാരായ പ്രദേശവാസികളെയും വധശിക്ഷയ്ക്ക് വിധേയരാക്കുന്നതും കുട്ടികളെ താലിബാന് സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതും വ്യാപകമായി. സ്ത്രീകൾക്ക് സ്വതന്ത്രമായി പുറത്തിറങ്ങാനോ പെൺകുട്ടികൾക്ക് സ്കൂളിൽ പോകാനോ ആകുന്നില്ല. സമാധാനപരമായ പ്രതിഷേധങ്ങള്ക്കുപോലും അവസരമില്ല. എന്നാല്, അഫ്ഗാനിസ്ഥാന്റെ ഏത് പ്രദേശങ്ങളിലാണ് ഇത്തരം സംഭവങ്ങളെന്ന് അവര് വെളിപ്പെടുത്തിയില്ല.















