വാളയാർ > കർണാടകയിലും തമിഴ്നാട്ടിലും ജോലി ചെയ്യുന്നവർ ഓണാവധിക്ക് ശേഷം തിരിച്ചുപോകാൻ കഴിയാതെ കുടുങ്ങി. വാളയാർ അതിർത്തിയിൽ തമിഴ്നാടിന്റെ പരിശോധന കർശനമാക്കിയതാണ് മലയാളികളെ വെട്ടിലാക്കിയത്. തമിഴ്നാട്ടിലേക്ക് പോകാന് രണ്ട് ഡോസ് വാക്സിനേഷന് നിര്ബന്ധമാക്കിയതാണ് അതിര്ത്തി കടക്കാന് തടസ്സമാകുന്നത്.
കേരളത്തിലെത്താൻ ഒരു വാക്സിനെടുത്ത സർട്ടിഫിക്കറ്റോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ മതിയായിരുന്നു. ബന്ധപ്പെട്ട രേഖയില്ലാത്ത 170 പേരെചൊവ്വാഴ്ച തമിഴ്നാട് തിരിച്ചയച്ചു. ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിൽ മണിക്കൂറുകളോളം അതിർത്തിയിൽ കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. പരിശോധന തുടരുമെന്നും ബന്ധപ്പെട്ട രേഖകൾ ഉണ്ടെങ്കിലേ കടത്തിവിടൂ എന്നും തമിഴ്നാട് പൊലീസ് അറിയിച്ചു.
തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ആയിരക്കണക്കിന് മലയാളികളാണ് ഓണാവധിക്ക് വാളയാർ വഴി റോഡ് മാർഗം കേരളത്തിലെത്തിയത്.
തമിഴ്നാട് ഇ പാസിന് അപേക്ഷിക്കുമ്പോൾ രണ്ട് വാക്സിനെടുത്ത സർട്ടിഫിക്കറ്റ്, 72 മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റീവായ ആർടിപിസിആർ പരിശോധനാഫലം എന്നിവ നൽകണം. കുടുംബസമേതം നാട്ടിലെത്തിയ നിരവധി പേർക്ക് ഓണത്തിരക്കിൽ പരിശോധന നടത്താൻ കഴിഞ്ഞില്ല. ചൊവ്വാഴ്ചമുതലാണ് കേരളത്തിൽനിന്നുള്ള യാത്രക്കാരെ കർശനമായി പരിശോധിക്കാൻ തുടങ്ങിയത്.