അടൂർ > സിപിഐ എം അടൂർ ഏരിയ സെക്രട്ടറിയും ബാർ അസോസിയേഷൻ പ്രസിഡന്റുമായ അഡ്വ. എസ് മനോജിനെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിൽ ഓൺലൈൻ ചാനൽ മറുനാടൻ മലയാളിക്കെതിരായ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.
ചാനൽ ചീഫ് എഡിറ്റർ ഷാജൻ സ്കറിയ, ഓൺലൈൻ ജില്ലാ ലേഖകൻ വൈശാഖൻ, പ്രദേശിക ലേഖകൻ അരുൺ നെല്ലിമുകൾ എന്നിവർക്കെതിരെ അഡ്വ. എസ് മനോജ് നൽകിയ പരാതിയിൽ അടൂർ പൊലീസ് കേസെടുത്തിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അടൂർ എസ്എച്ച്ഒ ടി ഡി പ്രജീഷിനാണ് അന്വേഷണ ചുമതല. മനോജിനെതിരെ നിരന്തരം അപകീർത്തിപരമായ വാർത്തകൾ മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചിരുന്നു. ആഗസ്ത് 19ന് പകൽ 12.45ന് 918801215730 എന്ന മൊബൈൽ നമ്പരിൽ നിന്നും മനോജിന്റെ ഫോണിലേക്ക് വിളിച്ച് വാർത്ത നൽകുന്നത് നിർത്താൻ ഒത്തുതീർപ്പിന് തയ്യാറാകണമെന്ന് പറഞ്ഞു.
ഷാജൻ സ്കറിയയ്ക്ക് അഞ്ചു ലക്ഷവും വൈശാഖന് മൂന്നു ലക്ഷവും അരുൺ നെല്ലിമുകളിന് രണ്ട് ലക്ഷം രൂപയും നൽകണമെന്ന് ആവശ്യപ്പെട്ടു. അല്ലെങ്കിൽ രാഷ്ടീയഭാവി തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.