കാക്കനാട് > തൃക്കാക്കര നഗരസഭാംഗങ്ങൾക്ക് ഓണത്തിന് പണക്കിഴി നൽകിയ സംഭവത്തിൽ ചെയർപേഴ്സൻ അജിത തങ്കപ്പനെതിരെ സ്ഥിരംസമിതി അധ്യക്ഷർ മൊഴിനൽകിയതായി സൂചന. പാർടിതല അന്വേഷണസമിതിക്കുമുമ്പാകെയാണ് ചെയർപേഴ്സനെതിരെ കോൺഗ്രസ് അംഗങ്ങളിൽ ചിലർ മൊഴി നൽകിയത്. തുടർന്നുള്ള ദിവസങ്ങളിലെ മൊഴിയെടുപ്പിൽ കൂടുതൽ കോൺഗ്രസ് കൗൺസിലർമാർ അജിത തങ്കപ്പനെതിരെ തെളിവ് നിരത്തിയേക്കും. നേരത്തേ കോൺഗ്രസ് കൗൺസിലർമാരിൽ ചിലർ ചെയർപേഴ്സനെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു.
ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സെക്രട്ടറി കെ എക്സ് സേവ്യർ എന്നിവരാണ് സ്ഥിരംസമിതി അധ്യക്ഷരിൽനിന്ന് തെളിവെടുത്തത്. വികസനസമിതി അധ്യക്ഷ സ്മിത സണ്ണി, പൊതുമരാമത്തുസമിതി അധ്യക്ഷ സോമി റെജി, ക്ഷേമസമിതി അധ്യക്ഷ സുനീറ ഫിറോസ്, വിദ്യാഭ്യാസസമിതി അധ്യക്ഷൻ നൗഷാദ് പല്ലച്ചി എന്നിവർ ചൊവ്വാഴ്ച മൊഴിനൽകി.
അജിത തങ്കപ്പൻ ഓണക്കോടിക്കൊപ്പം പണം നൽകിയെന്ന ആരോപണം സത്യമാണെന്നും തങ്ങളിൽ ചിലർ തിരിച്ചുനൽകിയെന്നും പ്രതിപക്ഷം സംഭവം പുറത്താക്കിയത് പാർടിക്ക് നാണക്കേടുണ്ടാക്കിയെന്നും ഇവരിൽ ചിലർ അന്വേഷണസമിതിയെ അറിയിച്ചു. അജിത തങ്കപ്പനെ പുറത്താക്കണമെന്നും പണക്കിഴിയുടെ ഉറവിടം അന്വേഷിക്കണമെന്നും ആവശ്യമുയർന്നു. ബുധനാഴ്ചയും കോൺഗ്രസ് കൗൺസിലർമാരിൽനിന്ന് തെളിവെടുക്കും. വാർഡുകളിലെ മുതിർന്ന അംഗങ്ങൾക്ക് നൽകാനുള്ള ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് 10,000 രൂപവീതം കൊടുത്തതാണ് വിവാദമായത്.