കൊച്ചി > നിർദിഷ്ട സമയപരിധിക്കുമുമ്പ് വാക്സിൻ നൽകിയാൽ ഫലപ്രാപ്തിയെ ബാധിക്കുമോ എന്ന കാര്യത്തിൽ വിശദീകരണം നൽകാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. രണ്ടാമത്തെ ഡോസിന് 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് വാക്സിൻ ലഭ്യത കണക്കിലെടുത്താണോ എന്നും കേന്ദ്രം വിശദീകരിക്കണം.
ജീവനക്കാർക്ക് രണ്ടാംഡോസ് വാക്സിൻ നൽകാൻ അനുമതി തേടി കിറ്റെക്സ് കമ്പനി സമർപ്പിച്ച ഹർജിയിലാണ് കോടതി വിശദീകരണം തേടിയത്. 12,000 ജീവനക്കാർക്ക് കമ്പനിയുടെ ചെലവിൽ ആദ്യ ഡോസ് വാക്സിൻ നൽകിയെന്നും രണ്ടാംഡോസ് നൽകാൻ ആരോഗ്യവകുപ്പ് അനുമതി നൽകുന്നില്ലെന്നുമാണ് കിറ്റെക്സിന്റെ ഹർജി. സ്വന്തമായി വാക്സിൻ എടുക്കുന്നവർക്ക് ഇളവ് നൽകാമോ എന്ന് കേന്ദ്രസർക്കാർ പറയണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.
വിദേശത്തുപോകുന്നവർക്ക് സമയപരിധി കണക്കിലെടുക്കാതെ വാക്സിൻ നൽകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, മാർഗനിർദേശത്തിൽനിന്ന് വ്യതിചലിക്കാൻ സംസ്ഥാനത്തിന് അനുമതിയുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. വാക്സിൻ ലഭിക്കാത്തതിനാൽ വിദേശത്ത് ജോലിക്കുപോകാൻ കഴിയാതെ നാട്ടിൽ കുടുങ്ങിയവർക്കാണ് നേരത്തേ നൽകുന്നതെന്നും ആളുകളെ സഹായിക്കാനാണ് ഇതെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. കേന്ദ്ര സർക്കാരിനെ കോടതി കേസിൽ കക്ഷി ചേർത്തു. ഹർജി വ്യാഴാഴ്ച പരിഗണിക്കും.