തിരുവനന്തപുരം: ചാരക്കേസിൽ ഗൂഢാലോചനയെന്ന സി.ബി.ഐ. കണ്ടെത്തലിന് പിന്നിൽ പകപോക്കലാണെന്ന് മുൻ ഡിജിപിസിബി മാത്യൂസ്. പകവീട്ടലിന് പിന്നിൽ ചില ശാസ്ത്രജ്ഞരും കേരള പോലീസിലെ വിരമിച്ച ചില ഉദ്യോഗസ്ഥരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചാരക്കേസ് ഗൂഢാലോചനയിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള പോലീസ് ചാരക്കേസ് രജിസ്റ്റർ ചെയ്തത് തികച്ചും നിയമാനുസൃതമായിട്ടാണ്. വിജയനാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ഒരു ഘട്ടമെത്തിയപ്പോൾ ഒരു പ്രത്യേക അന്വേഷണസംഘം വേണമെന്ന് അന്നത്തെ പോലീസ് മേധാവിക്ക് തോന്നി. തുടർന്നാണ് അന്വേഷണം ഏറ്റെടുക്കാൻ എന്നോട് ആവശ്യപ്പെടുന്നത്. ആഭ്യന്തര സുരക്ഷയെ സംബന്ധിച്ചുളള ചില കാര്യങ്ങൾ കേസിലുണ്ടായിരുന്നു. അതാണ് ഇന്റലിജൻസ് ബ്യൂറോ വരാൻ കാരണം.
അന്വേഷണം നടക്കുന്ന ഘട്ടത്തിൽആദ്യം രണ്ട്മാലി ദ്വീപ് വനിതകളെ അറസ്റ്റ് ചെയ്തു, വിജയനാണ് അറസ്റ്റ് ചെയ്തത്. പിന്നീട് രണ്ട്ശാസ്ത്രജ്ഞർ ഉൾപ്പടെ നാലുപേരേയും. ആറുപേരുടെ അറസ്റ്റായപ്പോഴേക്കും തുടർന്നുളള അന്വേഷണം കേന്ദ്ര സർക്കാരിന് കീഴിലുളള അന്വേഷണ ഏജൻസി അന്വേഷിക്കുന്നതാണ് ഉചിതമെന്ന്ഞാൻ തന്നെയാണ് എഴുതിക്കൊടുത്തത്. അങ്ങനെയാണ് സിബിഐ അന്വേഷണം വന്നത്. തുടർന്നുണ്ടായ സംഭവങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. കേരളപോലീസ് ചെയ്തതെല്ലാം തെറ്റാണെന്ന് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് കൊടുക്കുകയും അത് പിന്നീട് മേൽക്കോടതികളെല്ലാം അംഗീകരിക്കുകയും ചെയ്തു.
ഇപ്പോൾ പറയുന്ന ഗൂഢാലോചന 1996-ൽ സി.ബി.ഐ. അന്വേഷണം പൂർത്തിയാക്കി എറണാകുളം സി.ജെ.എം. കോടതിയിൽ റിപ്പോർട്ട് കൊടുത്തപ്പോൾ കണ്ടില്ല. പിന്നീട് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും സി.ബി.ഐ. പലഘട്ടങ്ങളിലും സത്യവാങ്മൂലം സമർപ്പിച്ചതിലും ഗൂഢാലോചനയില്ല, സിബി മാത്യൂസ് പറയുന്നു.
ചാരക്കേസ് ഗൂഢാലോചനയിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് സിബി മാത്യൂസിന് ജാമ്യം അനുവദിച്ചത്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സിബി മാത്യൂസ് അടക്കം ഈ കേസിലെ പ്രതിപ്പട്ടികയിലുള്ള ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യാപേക്ഷ തേടി കോടതിയെ സമീപിച്ചത്.
നേരത്തെ ഈ കേസിലെ ഒന്നാം പ്രതി എസ്. വിജയന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. അതിന് പിന്നാലെയാണ് തിരുവനന്തപുരം ജില്ലാ സെക്ഷൻസ് കോടതി സിബി മാത്യൂസിന് മുൻകൂർ ജാമ്യം അനുവദിച്ചത്.