നീസ്
കാണികളുടെ ആക്രമണത്തെ തുടർന്ന് ഫ്രഞ്ച് ഫുട്ബോൾ ലീഗിലെ നീസ്–മാഴ്സെ മത്സരം ഉപേക്ഷിച്ചു. നീസിന്റെ തട്ടകത്തിലായിരുന്നു കളി. രണ്ടാംപകുതിയിലായിരുന്നു നാടകീയസംഭവങ്ങൾ അരങ്ങേറിയത്. മാഴ്സെയ്ക്ക് അനുകൂലമായ കോർണർ എടുക്കാനെത്തിയ ദിമിത്രി പയെറ്റിനുനേരെ നീസ് ആരാധകർ കുപ്പികൾ വലിച്ചെറിഞ്ഞു. മെെതാനത്ത് വീണ പയെറ്റ് പിന്നാലെ കുപ്പി തിരിച്ചെറിഞ്ഞു. ഇതോടെ ആരാധകർ പ്രകോപിതരായി.
മെെതാനത്തേക്ക് ഓടിയടുത്ത ഒരുകൂട്ടം ആക്രമണകാരികൾ മാഴ്സെ കളിക്കാരെ കെെയേറ്റം ചെയ്യാനൊരുങ്ങി. ഇതിനിടെ ഇരുടീമിലെ കളിക്കാർതമ്മിലും അടിപിടിയായി. ചിലർ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തങ്ങളുടെ കളിക്കാർക്ക് പരിക്കേറ്റതായി മാഴ്സെ ടീം അറിയിച്ചു. ആക്രമണം ശമിച്ചെങ്കിലും കളിക്കാനായി മാഴ്സെ തയ്യാറായില്ല. നീസ് കളിക്കാർ കളത്തിലിറങ്ങിയിരുന്നു. കളിയിൽ നീസ് ഒരു ഗോളിന് മുന്നിലായിരുന്നു. നീസിനെ വിജയികളായി പ്രഖ്യാപിച്ചാണ് മത്സരം ഉപേക്ഷിച്ചത്.















