ടോക്യോ
കോവിഡിനിടയിലും ഒളിമ്പിക്സ് ഉജ്വല വിജയമാക്കിയ ആത്മവിശ്വാസത്തിൽ ടോക്യോ വീണ്ടുമൊരു ഒളിമ്പിക്സിന് ഒരുങ്ങി. ഭിന്നശേഷിക്കാരുടെ ഒളിമ്പിക്സായ പാരാലിമ്പിക്സിന് ഇന്ന് തുടക്കം. ഒളിമ്പിക്സ് വേദിയിൽ സെപ്തംബർ അഞ്ചുവരെയാണ് പാരാലിമ്പിക്സ്. കോവിഡ് ബാധിതരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാലും മുന്നോട്ടുപോകാനാണ് സംഘാടകസമിതി തീരുമാനം. കാണികൾക്ക് പ്രവേശനമില്ല. മത്സരങ്ങൾ യൂറോ സ്പോർട് ചാനലിൽ തത്സമയം കാണാം. ഇന്ത്യയുടെ മത്സരങ്ങൾ ദൂരദർശനിലും.
ന്യൂ നാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 4.30നാണ് വർണപ്പകിട്ടാർന്ന ഉദ്ഘാടനം. ജാപ്പനീസ് ചക്രവർത്തി നരുഹിതോ ഉദ്ഘാടനം ചെയ്യും. 167 രാജ്യങ്ങളിലെ 4400 കായികതാരങ്ങൾ അണിനിരക്കും. 22 ഇനങ്ങളിൽ 540 മത്സരങ്ങളുണ്ടാകും. ആറംഗ അഭയാർഥി ടീമിനെ ആദ്യമായി അലിയ ഇസ്സ എന്ന വനിത നയിക്കും. അത്ലറ്റിക്സ് 27 മുതലാണ്.
ഒളിമ്പിക്സ് പോലെ നാലുവർഷത്തിൽ ഒരിക്കൽ നടക്കുന്ന പാരാലിമ്പിക്സിൽ 2004 മുതൽ ചൈനയാണ് ജേതാക്കൾ. ബ്രിട്ടനും അമേരിക്കയുമാണ് പ്രധാന എതിരാളികൾ. 2016ൽ ചൈനയ്ക്ക് 107 സ്വർണം കിട്ടി. രണ്ടാമതെത്തിയ ബ്രിട്ടന് 64. ഉക്രെയ്ൻ 41, അമേരിക്ക 40 എന്നിങ്ങനെയാണ് മൂന്നും നാലും സ്ഥാനക്കാർ. ഇന്ത്യ രണ്ട് സ്വർണമടക്കം നാല് മെഡലുമായി 43–-ാംസ്ഥാനത്തായിരുന്നു.
ഇന്ത്യ അമ്പത്തിനാലംഗ സംഘത്തെ അണിനിരത്തുന്നു. അത്ലറ്റിക്സ്, അമ്പെയ്ത്ത്, ബാഡ്മിന്റൺ അടക്കം ഒമ്പത് ഇനങ്ങളിലാണ് ഇന്ത്യ പങ്കെടുക്കുന്നത്. 2016ലാണ് മികച്ച പ്രകടനം. രണ്ട് സ്വർണവും ഓരോ വെള്ളിയും വെങ്കലവും കിട്ടി. കഴിഞ്ഞ രണ്ടുതവണ ജാവ്ലിൻ ത്രോയിൽ (എഫ് 46 വിഭാഗം) സ്വർണം നേടിയ ദേവേന്ദ്ര ഝഹരിയ, 2016ൽ ഹൈജമ്പിൽ (ടി 63 വിഭാഗം) സ്വർണം ലഭിച്ച മാരിയപ്പൻ തങ്കവേലു, ലോക ജാവ്ലിൻ ചാമ്പ്യൻ (എഫ് 64 വിഭാഗം) സന്ദീപ് ചൗധരി എന്നിവരിലാണ് മെഡൽപ്രതീക്ഷ. ഇന്ത്യൻ ടീമിനെ നയിക്കുന്നത് മാരിയപ്പനാണ്. ഉദ്ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ അഞ്ചു കായികതാരങ്ങളടക്കം 11 പേരാണ് അണിനിരക്കുക. ഇന്ത്യൻ ടീമിലെ ഏക മലയാളി സിദ്ധാർഥ ബാബു ഷൂട്ടിങ്ങിൽ മത്സരിക്കും.