തലശ്ശേരി: വായ്പയെടുക്കാനെത്തിയ പാർട്ടിയംഗമായ യുവതിയോട് അപമര്യാദയായി പെരുമാറിയ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും പിണറായി ഫാർമേഴ്സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയുമായ യുവാവിന് സസ്പെൻഷൻ. അണ്ടലൂർ കിഴക്ക് ബ്രാഞ്ച് സെക്രട്ടറി നിഖിൽ നാരങ്ങോളിയെയാണ് ചുമതലയിൽനിന്ന് മാറ്റിയത്.
ഏതാനും ദിവസം മുൻപാണ് ലോണിനായി യുവതി ബാങ്കിലെത്തിയത്. യുവതിയിൽനിന്ന് ഫോൺനമ്പറും ആവശ്യമായ വിവരങ്ങളും ശേഖരിച്ചത് നിഖിലാണ്. രാത്രി ലോൺ സംബന്ധിച്ച വസ്തുതാ വിശകലനത്തിനെന്ന് പറഞ്ഞ് യുവതിയെ ഫോണിൽ ബന്ധപ്പെട്ടു. അശ്ലീലച്ചുവയുള്ള സന്ദേശങ്ങളും ഫോൺവിളിയുമായതോടെ യുവതി പരാതിയുമായി പാർട്ടിയെ സമീപിച്ചു. തുടർന്നാണ് നടപടി. യുവതിയുടെ പരാതിയെത്തുടർന്ന് നിഖിലിനെ സ്ഥാപനത്തിൽനിന്ന് പുറത്താക്കിയതായി സൊസൈറ്റി പ്രസിഡന്റ് പി.ബാലൻ പറഞ്ഞു.