തിരുവനന്തപുരം
ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക അതേപടി അംഗീകരിക്കരുതെന്ന് ഹൈക്കമാൻഡിന് എ, ഐ ഗ്രൂപ്പുകളുടെ അന്ത്യശാസനം. അംഗീകരിച്ചാൽ പരസ്യമായ പ്രതികരണത്തിന് രമേശ് ചെന്നിത്തലയുടെ അനുയായികളുടെ വാട്സാപ് ഗ്രൂപ്പായ ആർസി ബ്രിഗേഡിൽ ആഹ്വാനം. എ ഗ്രൂപ്പുമായി ചേർന്ന് ആക്രമിക്കാനാണ് ആഹ്വാനം. അതേസമയം, പട്ടികയ്ക്ക് ഹൈക്കമാൻഡിന്റെ അംഗീകാരം നേടാനായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ചൊവ്വാഴ്ച ഡൽഹിക്ക് പോകും. പട്ടികയിൽ ഒരു മാറ്റവും വരുത്തേണ്ടതില്ലെന്ന് സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തീരുമാനിച്ചു.
സുധാകരന്റെയും സതീശന്റെയും കാർമികത്വത്തിൽ തയ്യാറാക്കിയ പട്ടികയ്ക്കെതിരെ പരസ്യ പ്രതികരണവുമായി രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും രംഗത്തെത്തിയിരുന്നു. എന്നിട്ടും മാറ്റം വരുത്തിയില്ല. ഇതോടെയാണ് അനുയായികളെ ഇളക്കിവിട്ടത്. ഉമ്മൻചാണ്ടിയെ അനുകൂലിക്കുന്നവരുടെ ഒസി വാട്സാപ് ഗ്രൂപ്പിലും സമാന ചർച്ചയുണ്ട്.
അൻവർ സാദത്ത് എംഎൽഎ, കെപിസിസി സെക്രട്ടറി ആർ വത്സലൻ, മുൻ സെക്രട്ടറി പ്രാണകുമാർ, റിജിൽ മാക്കുറ്റി, കെഎസ്യു നേതാവ് എബിൻ വർക്കി, യു കെ അഭിലാഷ്, ഐടി ഉപദേഷ്ടാവ് രഞ്ജിത് ബാലൻ, ചെന്നിത്തലയുടെ മകൻ രോഹിത്, ബി ആർ എം ഷെഫീർ തുടങ്ങിയവർ ഉൾപ്പെട്ടതാണ് ആർസി ബ്രിഗേഡ് വാട്സാപ് ഗ്രൂപ്പ്. പുതിയ ലിസ്റ്റിനെതിരെ ഗ്രൂപ്പിനതീതമായി പ്രതിഷേധം ഉണ്ടാകണമെന്നാണ് സന്ദേശം. എ, ഐ എന്നതിലുപരി പുതിയ ഗ്രൂപ്പുകാർക്കെതിരെ വികാരം ഉയർത്തണം. പറ്റുമെങ്കിൽ ഉമ്മൻചാണ്ടിയുടെ സാമൂഹ്യ മാധ്യമ സംഘവുമായി ചേർന്ന് ആക്രമിക്കണം. ഡിസിസി പ്രസിഡന്റുമാരാകാൻനിന്ന നേതാക്കളുടെ ഫാൻസുകാരെ ഇളക്കിവിടണമെന്നും ചർച്ചയിൽ പറയുന്നു. ഇതെല്ലാം രമേശ് ചെന്നിത്തലയുടെ അറിവോടെയാണെന്നാണ് വിലയിരുത്തൽ.
ഇതിനിടെ തിങ്കളാഴ്ച തിരുവനന്തപുരം ഡിസിസി ഓഫീസ് പരിസരത്ത് ശശി തരൂരിനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് പുതിയ തർക്കത്തിനിടയാക്കി. തരൂരിന്റെ അനുയായിയെ ഡിസിസി പ്രസിഡന്റാക്കാൻ ശ്രമിക്കുന്നെന്നാണ് പോസ്റ്റർ. പ്രവർത്തനങ്ങളിൽ ഇടപെടാതെ മണ്ഡലത്തിൽപ്പോലും വരാതെ താങ്കളെ ചുമക്കുന്ന പാർടിയോടാണോ ഈ ചതി, വട്ടിയൂർക്കാവിൽ ഇഷ്ടക്കാരിക്ക് സീറ്റ് വാങ്ങിക്കൊടുത്ത് പാർടിയെ മൂന്നാം സ്ഥാനത്ത് ആക്കിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തോ എന്നെല്ലാമാണ് പോസ്റ്ററിൽ ചോദിക്കുന്നത്. കോട്ടയത്ത് ഉമ്മൻചാണ്ടിക്കെതിരെയും കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷിനെതിരെയും സമാന പോസ്റ്റർ പ്രചരിച്ചിരുന്നു.
കൊടിക്കുന്നിലിനെതിരെ
പോസ്റ്റർ: ഡിജിപിക്ക് പരാതി
കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിനെതിരായ പോസ്റ്റർ പ്രചാരണം അന്വേഷിക്കണമെന്ന് ഡിജിപിക്ക് പരാതി. കെപിസിസി സെക്രട്ടറി സൂരജ് രവിയാണ് പരാതി നൽകിയത്. ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റർ. കൊല്ലം ഡിസിസി പ്രസിഡന്റായി കൊടിക്കുന്നിൽ നിർദേശിച്ചത് കെപിസിസി ജനറൽ സെക്രട്ടറി പി രാജേന്ദ്രപ്രസാദിനെയാണ്. പണപ്പിരിവിനു മറയാക്കാനുള്ളതല്ല പ്രസിഡന്റ് പദവിയെന്നും രാജേന്ദ്രപ്രസാദ് പടുകിഴവനാണെന്നുമുള്ള പരാമർശമാണ് പോസ്റ്ററിലുണ്ടായിരുന്നത്.
സൂരജ് രവിയാണ് പോസ്റ്ററിനു പിന്നിലെന്നു സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സൂരജ് പരാതിയുമായി രംഗത്തെത്തിയത്. വിവിധ ഗ്രൂപ്പ് നേതാക്കൾക്കെതിരെ ആറുമാസത്തിനിടെ മൂന്നാംതവണയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
പോസ്റ്ററിനെ ചൊല്ലിയുള്ള കലാപം എ ഗ്രൂപ്പിൽ ഭിന്നതയ്ക്കു വഴിയൊരുക്കി. പോസ്റ്റർ ഒട്ടിച്ചത് ആരായാലും കണ്ടെത്തണമെന്ന് സൂരജ് രവി ‘ദേശാഭിമാനി’യോട് പറഞ്ഞു. നിരപരാധികളെ ക്രൂശിക്കുന്നത് നേതാക്കൾ വിനോദമാക്കരുതെന്നും ആവശ്യപ്പെട്ടു. പോസ്റ്റർ പ്രചാരണത്തിൽ പരാതി നൽകാൻ ഡിസിസി പ്രസിഡന്റിനോട് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡിസിസി ഗൗരവത്തിലെടുത്തില്ല. ഇതിലുള്ള അതൃപ്തിയും കൊടിക്കുന്നിൽ അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോസ്റ്റർ ഒട്ടിച്ചവരെ കണ്ടെത്താനാണ് പൊലീസ് ശ്രമം.