കോട്ടയം
കർഷകർക്ക് ആശ്വാസമായി റബർ വിപണിവില ഉയർന്നു. ആർഎസ്എസ് 4 ഷീറ്റിന് വിപണിയിൽ 174.50 രൂപ വരെയും സാധാരണ ഷീറ്റിന് 172.50 വരെയുമാണ് വിപണിവില. രാജ്യാന്തര വിപണിവില 138 മുതൽ 144 വരെയാണ്. ഇറക്കുമതി റബറിന് ചരക്ക്കടത്ത്കൂലി ഉൾപ്പെടെ കിലോയ്ക്ക് 180 രൂപ വരെയാകുമെന്നതിനാൽ ആഭ്യന്തരവില ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
ലോക്ഡൗണിൽ വെട്ട് നിർത്തിയതും പലരും കൃഷി ഉപേക്ഷിച്ചതും വില ഉയരാൻ കാരണമായി. കോവിഡ് നിയന്ത്രണം ഇറക്കുമതിയേയും ബാധിച്ചു. ടയർ കമ്പനികളും മറ്റ് റബറധിഷ്ഠിത വ്യവസായികളും ഓപ്പൺ മാർക്കറ്റിൽനിന്ന് ഷീറ്റും പാലും ശേഖരിക്കാൻ നിർബന്ധിതരായി. കോവിഡ് കാലത്ത് ഉത്തരേന്ത്യയിലേക്ക് റബർപാൽ (ലാറ്റക്സ്) പോകുന്നില്ല. എങ്കിലും വിവിധ സംസ്ഥാനങ്ങളിൽ കൈയുറയ്ക്കും മറ്റും ഡിമാൻഡ് ഉയർന്നത് റബർപാലിന്റെയും വില ഉയർത്തി. വിലയിടിക്കാനുള്ള ശ്രമം വൻകിട ടയർ കമ്പനികളും വ്യവസായികളും നടത്തുന്നുണ്ട്. ബാങ്കോക്കിൽനിന്ന് ഇറക്കുമതിയാണ് ലക്ഷ്യം. അവിടെ ആർഎസ്എസ് 4 റബറിന് 144 രൂപ വരെയാണ് വില. എന്നാൽ, കോവിഡ് നിയന്ത്രണങ്ങളും കണ്ടെയ്നർ ക്ഷാമവും ഫലത്തിൽ കർഷകർക്ക് അനുകൂലമാണ്.
ചിരട്ടപ്പാൽ ഇറക്കുമതി നീക്കത്തോട് കേന്ദ്ര വാണിജ്യ മന്ത്രാലയവും റബർ ബോർഡും യോജിപ്പ് പ്രകടിപ്പിച്ചത് കർഷകർക്ക് വിനയായേക്കാം. ചിരട്ടപ്പാലിനെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സി(ബിഐഎസ്) ന്റെ കീഴിൽ കൊണ്ടുവരാനാണ് വൻകിട വ്യാപാരികളുടെ ശ്രമം. വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഏത് ഉൽപ്പന്നവും ബിഐഎസ് മാനദണ്ഡത്തിന് വിധേയമായിരിക്കണം. നിലവിൽ ചിരട്ടപ്പാലിന് ഈ അംഗീകാരമില്ല. ഇത് കർഷകർക്ക് അനുകൂലഘടകമാണ്. വ്യാപാരികൾ ഈ കടമ്പ മറികടന്ന് ചിരട്ടപ്പാൽ ഇറക്കുമതിക്ക് അനുമതി നേടിയെടുത്താൽ റബർ വിപണിയുടെ ഗതിമാറും. രാജ്യാന്തര വിപണിയിൽ 50 രൂപയ്ക്ക് കിട്ടുന്ന ചിരട്ടപ്പാൽ 75 രൂപയ്ക്ക് ഇറക്കുമതി ചെയ്താൽ കർഷകർക്ക് ഇരുട്ടടിയാകും. ഉണങ്ങിയ ചിരട്ടപ്പാലിന് ഇവിടെ പരമാവധി 120 വരെ വിലയുണ്ട്.