തിരുവനന്തപുരം
കേരളം ഇനി പേടിക്കേണ്ടത് ഓണത്തിന് ശേഷമുണ്ടാകാൻ പോകുന്ന കോവിഡ് വർധനവിനെയെന്ന് ആരോഗ്യവിദഗ്ധർ. മൂന്നാം തരംഗം സംസ്ഥാനത്തെ ഉടൻ ബാധിക്കില്ല. ഒക്ടോബറോടെ രാജ്യത്ത് മൂന്നാം തരംഗമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ് (എൻഐഡിഎം) വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. എന്നാൽ ഇതിൽ ആശങ്ക വേണ്ടെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്ത് ഓണാവധിയിൽ പരിശോധന കുറഞ്ഞിട്ടുണ്ട്. ഇത് രോഗസ്ഥിരീകരണ നിരക്ക് വർധിക്കാൻ കാരണമായി. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ പരിശോധന നടക്കും. നിലവിൽ 17 ശതമാനംവരെയാണ് ടിപിആർ.
30,000 രോഗികൾവരെ
ഒന്ന്, രണ്ട് തരംഗങ്ങളെപ്പോലെ അതിവേഗമെത്തി ഉയർന്ന രോഗനിരക്ക് സൃഷ്ടിക്കപ്പെടുന്ന രീതി മൂന്നാം തരംഗത്തിൽ ഉണ്ടാകില്ല. പ്രതിദിനം 30,000 വരെ രോഗികളാകാം. രണ്ടുലക്ഷത്തോളംവരെ ഒരേസമയം ചികിത്സയിലുണ്ടാകാമെന്നാണ് കണക്കുകൂട്ടൽ.
ദക്ഷിണ കേരളത്തിൽ
ജാഗ്രത
ഓണാഘോഷങ്ങൾക്ക് ശേഷം രോഗം കൂടുതൽ റിപ്പോർട്ട് ചെയ്യാൻ സാധ്യത ദക്ഷിണ കേരളത്തിൽ. പെരുന്നാളിന് ശേഷം ഉത്തരകേരളത്തിലുണ്ടായ സാഹചര്യം ഇവിടെ ആവർത്തിച്ചേക്കും. കുറച്ച് ദിവസങ്ങളായി പത്തനംതിട്ടയിലും ഇടുക്കിയിലും രോഗം കൂടുതലാണ്. ഇത് കൊല്ലത്തും തിരുവനന്തപുരത്തും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പൊതുജനാരോഗ്യവിഭാഗം അസോസിയറ്റ് പ്രൊഫ. ടി എസ് അനീഷ് പറഞ്ഞു.
വ്യാപിക്കുന്നത് ഡെൽറ്റ തന്നെ
സംസ്ഥാനത്ത് ഇപ്പോഴും വ്യാപിക്കുന്നത് വൈറസിന്റെ ഡെൽറ്റ വകഭേദം തന്നെയെന്ന് ജനിതക ശ്രേണീകരണം വ്യക്തമാക്കുന്നു. വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് സംസ്ഥാനം ജനിതക ശ്രേണീകരണം നടത്തിയത്. വൈറസിന് മറ്റ് വ്യതിയാനം ഉണ്ടായോ എന്ന് കണ്ടെത്തി രോഗവ്യാപനം തടയാനാണിത്. നിലവിൽ മറ്റ് വകഭേദങ്ങൾ കണ്ടെത്തിയിട്ടില്ല.