ജനീവ
ഐക്യരാഷ്ട്ര സംഘടനയുടെ ഉദ്യോഗസ്ഥരെയും സംഘടനയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാരിതര സംഘടന പ്രവര്‍ത്തകരുമടക്കം 120 പേരെ കാബൂളില്‍ നിന്ന് കസാഖ്സ്ഥാനില് എത്തിച്ചതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടറസിന്റെ വക്താവ് സ്റ്റെഫാൻ ഡുജാരിക് അറിയിച്ചു. സ്ഥിതിമെച്ചപ്പെടുന്ന മുറയ്ക്ക് ഇവരെ തിരികെ അഫ്ഗാനിലെത്തിക്കും. താലിബാന് നിയന്ത്രണമേറ്റെടുത്ത ശേഷം കടുത്ത അരാജകത്വം നിറഞ്ഞു നില്ക്കുന്ന അഫ്ഗാനിസ്ഥാനില്‍ യുഎന്നിന് വേണ്ടി ആയിരക്കണക്കിന് പേര് ജോലിചെയ്യുന്നുണ്ടെന്നും ഇവരുടെ സുരക്ഷയ്ക്കും രാജ്യത്ത് തുടരുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പെടെ അവശ്യസേവനങ്ങള്‍ എത്തിച്ചു നല്കുന്നതിനുമാണ് പ്രാധാന്യം നല്‍കുന്നതെന്നും യുഎന്‍ അറിയിച്ചു. അഫ്ഗാനിസ്ഥാനിലേക്ക് മരുന്നുകളും മറ്റ് സഹായ സാമഗ്രികളും തടസ്സമില്ലാതെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ലോകാരോഗ്യ സംഘടനയും യുനിസെഫും നടത്തുന്നുണ്ട്.