കാബൂള്‍
അഫ്ഗാനിസ്ഥാനില്‍ താലിബാന് നിയന്ത്രണത്തിലാകാത്ത ഏക പ്രവിശ്യയായ പാഞ്ച്ശീര് താഴ്വര ലക്ഷ്യമാക്കി താലിബാൻ. നൂറോളം പേരടങ്ങുന്ന സായുധസംഘം താലിബാന്വിരുദ്ധ കോട്ടയായി അറിയപ്പെടുന്ന പാഞ്ച്ശീര് പ്രവിശ്യയുടെ കവാടത്തില്‍ എത്തിയതായും താലിബാന്വിരുദ്ധ സേന പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്നും അഫ്ഗാൻ മുന്‍വൈസ് പ്രസിഡന്റ് അമറുള്ള സലേ ട്വിറ്ററില്‍ അറിയിച്ചു. ഞായറാഴ്ച രാത്രിയാണ് സൈനികനീക്കം തുടങ്ങിയത്. സമാധാന ചര്‍ച്ചകള്‍ക്കാണ് താല്‍പ്പര്യമെന്നും താലിബാന് യുദ്ധത്തിനൊരുങ്ങിയാല്‍ തിരിച്ചടിക്കുമെന്നും പാഞ്ച്ശീറിലെ താലിബാന്വിരുദ്ധ സംഘടനാ നേതാവ് അഹ്മ്മദ് മസൂദ് പ്രതികരിച്ചു.
അയല്‍പ്രദേശമായ അന്ദറാബ് മേഖലയിൽ താലിബാനുമായി അഫ്ഗാൻ സേനയുടെ പോരാട്ടം തുടരുകയാണ്. ഫജ്ര്‍ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ താലിബാന്റെ ബനു ജില്ലാ തലവൻ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടതായാണ് വിവരം. അഫ്ഗാൻ സേനയിലെ ഒരാൾ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
പാഞ്ച്ശീര് പ്രവിശ്യയോടു ചേർന്നുള്ള മൂന്നു ജില്ലയുടെ നിയന്ത്രണം ഏറ്റെടുത്തതായി താലിബാൻവിരുദ്ധ സേന കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ബംഗ്ലാന്‍ പ്രവിശ്യയിലെ ദേ സലേ, ബാനോ, പുല് ഹെസാര്‍ ജില്ലകൾ പിടിച്ചതായി മുന്‍ സര്‍ക്കാരിലെ പ്രതിരോധമന്ത്രി ജനറൽ ബിസ്മില്ലാ മുഹമ്മാദിയാണ് വ്യക്തമാക്കിയത്.
കാബൂള്‍ വിമാനത്താവളത്തില്‍ വെടിവയ്പ്
കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഫ്ഗാൻ, യുഎസ്, ജർമൻ സൈനികർക്കുനേരെ അജ്ഞാതർ നടത്തിയ വെടിവയ്പിൽ അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി തുടരുന്ന അഫ്ഗാൻ സൈനികരിലൊരാളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. അമേരിക്കയുടെയും ജർമനിയുടെയും സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു.
ജർമൻ സൈനിക വക്താവാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കാബൂളിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിനു പിന്നാല രാജ്യം വിടുന്നതിനായി പതിനായിരങ്ങളാണ് വിമാനത്താവളത്തിൽ തിങ്ങിനിറയുന്നത്. തിക്കും തിരക്കും സംഘർഷത്തിലേക്ക് നയിച്ചെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ യുഎസ് സൈന്യവും നാറ്റോയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തിക്കിലും തിരക്കിലും പെട്ട് ശനിയാഴ്ച ഏഴു പേർ മരിച്ചു