തിരുവനന്തപുരം
ശ്രീനാരായണ ഗുരുവിനെ ചിലർ തങ്ങളുടേതുമാത്രമാക്കാൻ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാവരുടേതുമായ ഗുരുവിനെയാണ് ഒരു പ്രത്യേക ജാതിയുടെ ചട്ടക്കൂട്ടിലടയ്ക്കാൻ നോക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തിൽ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സംവത്സരങ്ങൾക്കുമുമ്പേ താൻ ജാതിഭേദം വിട്ടിരുന്നുവെന്ന് ജാതിയില്ലാ വിളംബരത്തിന്റെ ആദ്യവാചകത്തിൽത്തന്നെ ഗുരു ഊന്നിപ്പറഞ്ഞു. വിളംബരത്തിന്റെ ആവശ്യകതയും ഗുരു വിശദീകരിച്ചു–– “ചില പ്രത്യേക വർഗക്കാർ നമ്മെ അവരുടെ വർഗത്തിൽപ്പെട്ടതായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അതു ഹേതുവാൽ പലർക്കും നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു’. താൻ പ്രത്യേക ജാതിയിലോ മതത്തിലോപെടുന്നില്ലെന്ന് അദ്ദേഹം എപ്പോഴും ഓർമിപ്പിച്ചു. ഈ ബോധത്തോടെ പ്രവർത്തിക്കുന്നവരെമാത്രമേ ആലുവ അദ്വൈതാശ്രമത്തിൽ ചേർത്തിട്ടുള്ളൂ. ഗുരുശിഷ്യർ മതത്തിനതീതരാകണം. എല്ലാവരോടും സമഭാവനയിൽ പെരുമാറുന്നവരാകണം.
ലോകത്തിന്റെ പലഭാഗത്തും വർഗീയ സ്പർധകളും മതവിദ്വേഷങ്ങളും രക്തച്ചൊരിച്ചിലും ഏറുന്നു. രാജ്യത്തും വർഗീയവിദ്വേഷം തലപൊക്കുന്നു. മനുഷ്യരെ ഒന്നായി കാണണമെന്നും ഭേദചിന്ത അരുതെന്നുമുള്ള ഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ടാൽ ഇതിനെല്ലാം അറുതിയാകും. മനുഷ്യത്വം നിറഞ്ഞ ഗുരുസന്ദേശം ഉയർത്തിപ്പിടിക്കുമ്പോഴേ നാം ഗുരുവിനെ സ്വീകരിക്കുന്നുവെന്ന് പറയാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.