കണ്ണൂർ
എല്ലാ മതക്കാർക്കും ഉൾക്കൊള്ളാനാവുന്ന പ്രാർഥനയാണ് ദൈവദശകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാളം കണ്ട മഹത്തായ മതനിരപേക്ഷ പ്രാർഥനയാണിത്. മതചിന്ത പെരുകുന്ന ഇക്കാലത്ത് ദൈവദശകവും അതിനെ ആസ്പദമാക്കിയുള്ള പ്രവർത്തനങ്ങളും ശ്ലാഘനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണഗുരുജയന്തി ആഘോഷത്തിന്റെ ഭാഗമായി ദൈവദശകം കൂട്ടായ്മ നൂറുകേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ദൈവദശകം സ്തോത്രകൃതി ആലാപനം ഓൺലൈനായി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
മോക്ഷം നൽകുകയാണ് ദൈവത്തിന്റെ കടമയെന്നാണ് മറ്റുള്ളവർ പറഞ്ഞത്. എന്നാൽ അന്നവും വസ്ത്രവും തരുന്നതാരോ അതാണ് ദൈവമെന്ന് ഗുരു പറഞ്ഞു. ഒരു മതത്തിന്റെയും ചിഹ്നങ്ങളില്ലാതെ ജീവിതപ്രതിസന്ധികളെ മറികടക്കാൻ തുണയാകുന്ന എന്തിനെയും ആരാധിക്കുന്ന ആശയമാണ് ദൈവദശകം. ലോകത്തെക്കുറിച്ചുള്ള വ്യഥകളും കാഴ്ചപ്പാടുകളുമാണ് കൃതിയിലുള്ളത്. ലോകത്ത് ഇത് മുഴങ്ങുമ്പോൾ സമാധാനത്തിനായുള്ള ഓർമപ്പെടുത്തൽകൂടിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായി കൺവെൻഷൻ സെന്ററിൽ ദൈവദശകത്തിന്റെ ചൈനീസ് പതിപ്പ് മുഖ്യമന്ത്രി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് നൽകി പ്രകാശനംചെയ്തു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനായി. ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണികൃഷ്ണൻ, ജോസ് കുരിശിങ്കൽ, പി അജയകുമാർ, നജീബ് പി മുഹമ്മദ് എന്നിവർ സംസാരിച്ചു.