തിരുവനന്തപുരം
കോവിഡ്മൂലം വരുമാനം കുറയുകയും ചെലവ് കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന്റെ കടമെടുക്കൽ അവസരവും കേന്ദ്രം അട്ടിമറിക്കുന്നു. നടപ്പുവർഷം സംസ്ഥാന മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 4.5 ശതമാനം കടമെടുക്കാൻ നേരത്തേ അനുമതിയുണ്ടായിരുന്നു. എന്നാൽ, ഇതിൽ ഒരു ശതമാനത്തിന് ഉപാധി നിശ്ചയിച്ചതാണ് തിരിച്ചടിയായത്. ഇതോടെ കടമെടുക്കാനാകുന്ന 36,800 കോടിയിൽ 8200 കോടി തുലാസിലായി. സംസ്ഥാനം രണ്ടു മാസത്തിനിടെ 9000 കോടി കടമെടുക്കുകയും ചെയ്തു.
ഉപാധി രണ്ടുതരം
മൂലധനച്ചെലവ്, ഊർജമേഖലാ പരിഷ്കാരങ്ങൾ എന്നിവയുമായാണ് കടമെടുപ്പിലെ ഒരു ശതമാനത്തെ ബന്ധിപ്പിച്ചിരിക്കുന്നത്. ഇതിൽ ആദ്യ അര ശതമാനത്തിന് അനുമതി വേണമെങ്കിൽ 12,547 കോടി രൂപയുടെ വാർഷിക മൂലധനച്ചെലവ് വേണം. എന്നാൽ, ഇത് പ്രായോഗികമല്ല. കിഫ്ബി, കേരള പുനർനിർമാണം, മറ്റ് വൻകിട പദ്ധതിവഴിയുള്ള ചെലവുകൾ ഈ ഗണത്തിൽ പരിഗണിക്കുകയുമില്ല. ബാക്കിയുള്ള അരശതമാനത്തിനുള്ള അനുമതി കെഎസ്ഇബിയുടെ നഷ്ടം സംസ്ഥാന സർക്കാർ ഏറ്റെടുത്താലാണ് ലഭിക്കുക. അടുത്തവർഷത്തിനുള്ളിൽ 60 ശതമാനവും 2023–-24ൽ 75 ശതമാനവും 2024–-25ൽ 90 ശതമാനവും 2025–-26ൽ 100 ശതമാനവും കടം ഏറ്റെടുക്കൽ പൂർത്തിയാക്കണം. ഇതും പ്രായോഗികമല്ല. വൈദ്യുതിമേഖലയുടെ സ്വകാവര്യവൽക്കരണം മുന്നിൽക്കണ്ടാണ് ഈ നിർദേശം.
അവഗണന
കടമെടുപ്പ് പരിധി അഞ്ചു ശതമാനമായി ഉയർത്തണമെന്ന കേരളത്തിന്റെ നിരന്തര ആവശ്യം കേന്ദ്രം അവഗണിക്കുന്നു. പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും കേന്ദ്ര ധനമന്ത്രിയെ സംസ്ഥാന ധനമന്ത്രിയും നേരിൽക്കണ്ട് ആവശ്യം ഉന്നയിച്ചു. ജിഎസ്ടി കൗൺസിലിലും പ്രശ്നം ഉന്നയിച്ചു. ഒരിടത്തും വ്യക്തമായ മറുപടിയില്ല.