ന്യൂഡൽഹി
കോവിഡ് വ്യാപനത്തിനിടെ പൊതുആസ്തി വിറ്റഴിക്കല്‍ തീവ്രമാക്കി മോദി സര്‍ക്കാര്‍. ദേശീയപാതകൾ, റെയിൽവേ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, സംഭരണശാലകൾ, വൈദ്യുതിനിലയങ്ങൾ, ഖനികൾ എന്നിവ അടക്കം ദേശീയ ആസ്തി സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നടപടിക്രമം കേന്ദ്രം പ്രഖ്യാപിച്ചു. 12 മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള 20 ഇനം ആസ്തി വിൽക്കും. നാല് വർഷത്തിനകം ആറ് ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് ധന–-കോർപറേറ്റ് മന്ത്രി നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉടമസ്ഥാവകാശം എന്നന്നേക്കുമായി കൈമാറില്ലെന്നും നിശ്ചിത കാലത്തിനുശേഷം അവ തിരിച്ചെടുക്കാൻ വ്യവസ്ഥ ചെയ്യുമെന്നും അവകാശപ്പെട്ടു.
നിതി ആയോഗാണ് കൈമാറ്റ നടപടിക്രമം തയ്യാറാക്കിയത്. സ്റ്റേഡിയങ്ങൾ, പ്രകൃതിവാതക പൈപ്പ്ലൈനുകൾ, ഹോട്ടലുകള്‍, പാർപ്പിടസമുച്ചയങ്ങള്‍, ടെലികോം ടവറുകൾ എന്നിവയും വിട്ടുകൊടുക്കും. പൊതു–-സ്വകാര്യപങ്കാളിത്ത പദ്ധതികൾ, അടിസ്ഥാനസൗകര്യ നിക്ഷേപ ട്രസ്റ്റുകൾ പോലുള്ള മൂലധന കമ്പോള സംവിധാനങ്ങൾ എന്നിവ വഴിയാണ് ആസ്തികൾ കൈമാറുക. ഓരോ മേഖലയുടെയും പ്രത്യേകത, വിപണി താൽപ്പര്യം, നിക്ഷേപകരുടെ ശേഷി, പ്രവർത്തനസൗകര്യം എന്നിവ പരിഗണിച്ച് തീരുമാനമെടുക്കും.
നടപ്പ് ബജറ്റിൽ വിഭാവനംചെയ്ത ആസ്തിവിൽപ്പനയുടെ മൂല്യം 88,190 കോടി രൂപയാണ്. ഇതിനു തുടർച്ചയായി 2022–-23ൽ 1.62 ലക്ഷം കോടി, 2023–-24ൽ 1.79 ലക്ഷം കോടി, 2024–-25ൽ 1.67 ലക്ഷം കോടി എന്നീ ക്രമത്തിൽ ആസ്തികൾ കൈമാറും. പൊതുമേഖലാ സ്ഥാപനങ്ങളെ ഓഹരിവിൽപ്പന വഴി സ്വകാര്യവൽക്കരിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രോത്സാഹനം നൽകും. പൊതുമേഖലാ ഓഹരിവിൽപ്പന തുടരും. നിതി അയോഗ് സിഇഒ അമിതാഭ് കാന്ത്, വൈസ് ചെയർമാൻ രാജീവ്കുമാർ, വിവിധ വകുപ്പ് സെക്രട്ടറിമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വാങ്ങാന്‍ ആളുണ്ടോ
ദേശീയപാതകൾ, റെയിൽവേ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, സംഭരണശാലകൾ, വൈദ്യുതിനിലയങ്ങൾ, ഖനികൾ, പ്രകൃതിവാതക പൈപ്പ്ലൈനുകൾ, ടെലികോം ടവറുകൾ , സ്റ്റേഡിയങ്ങൾ, ഹോട്ടലുകള്‍, പാർപ്പിടസമുച്ചയങ്ങള്‍ തുടങ്ങിയവ