ടോക്യോ > പാരാലിമ്പിക്സ് 2020ന് ടോക്യോയിൽ ചൊവ്വാഴ്ച തിരിതെളിയും. 54 കായികതാരങ്ങൾ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരങ്ങളിൽ പങ്കെടുക്കും. ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. ആർച്ചറി, അത്ലറ്റിക്സ് (ട്രാക്ക് ആൻഡ് ഫീൽഡ്), ബാഡ്മിന്റൺ, നീന്തൽ, ഭാരോദ്വഹനം തുടങ്ങി 9 ഇനങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുക.
2016‐ൽ റിയോയിൽ നടന്ന പാരാലിമ്പിക്സിലെ സ്വർണ മെഡൽ ജേതാവ് മാരിയപ്പൻ തങ്കവേലു ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തും. പാരാലിമ്പിക്സിലെ എറ്റവും മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇക്കുറി ടോക്യോയിൽ എത്തുന്നത്. കഴിഞ്ഞ തവണ റിയോയിൽ രണ്ട് സ്വർണവും ഒരു വെള്ളിയും വെങ്കലവുമടക്കം 4 മെഡലുകൾ നേടിയതാണ് ഇന്ത്യയുടെ എറ്റവും മികച്ച പ്രകടനം. അന്ന് 19 പേരാണ് രാജ്യത്തിനായി മത്സരങ്ങൾക്ക് ഇറങ്ങിയത്.