തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ വിമർശനങ്ങൾക്ക് മറുപടിയായി പി.വി അൻവർ എം.എൽ.എ. ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റിൽ ഏതോ ഒരു വോട്ടർ കമന്റ് ഇട്ടുവെന്ന് ആരോപിച്ച് വോട്ടറെ തെറിവിളിച്ച് വി.ഡി സതീശന്റെ അത്രയും നിലവാരത്തകർച്ച തനിക്കില്ലെന്ന് പി.വി അൻവർ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എം.എൽ.എയുടെ മറുപടി.
വാർത്തകളോട് വിയോജിപ്പും വിമർശനവും പ്രകടിപ്പിക്കാം. അത് ഏതൊരു വ്യക്തിയുടെയും അവകാശമാണ്. എന്നാൽ മോശം വാക്കുകളും നിലവാരം കുറഞ്ഞ രീതിയിലുമാകരുതെന്ന വി.ഡി സതീശന്റെ വിമർശനത്തിനായിരുന്നു എം.എൽ.എയുടെ മറുപടി.
സതീശനോട് വിഷയത്തിൽ സമരം ചെയ്യണമെന്നും പറ്റുമെങ്കിൽ ഈ വിഷയം അടിയന്തരമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്ത സഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കണമെന്നും പി.വി അൻവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മുന്നിൽ കുത്തി ഇരിക്കണം. എന്തിനും കൂടെ താൻ ഒരു സുഹൃത്തായി ഒപ്പമുണ്ടാകുമെന്ന് പറഞ്ഞ പി.വി അൻവർ അൽപ്പമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കണമെന്നും കൂട്ടിച്ചേർത്തു.
താൻ ഒരു ചിട്ടികമ്പനിയും പൊട്ടിച്ചിട്ട് നിലമ്പൂരിൽ നിന്നും മുങ്ങിയതല്ലെന്ന് പി.വി അൻവർ പ്രതികരിച്ചു . മാന്യമായി ഒരു കച്ചവടം ചെയ്യാനായി മാറി നിന്നപ്പോൾ അതിനെ മുങ്ങി എന്ന തരത്തിൽ അവതരിപ്പിച്ചവരോട് അതിന് തക്ക മറുപടി നൽകിയിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം അതിൽ നിന്നും ഒരടി പോലും പിറകോട്ടില്ലെന്ന് അറിയിച്ചു.
വി.ഡി സതീശന്റെ പ്രസംഗം വായിച്ചപ്പോൾ തനിക്കൊരു ഫ്ളാഷ്ബാക്കാണ് ഓർമ വന്നതെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ പി.വി അൻവർ പറഞ്ഞു. കുറച്ചു നാളുകൾക്ക് മുൻപ് വി.ഡി സതീശന്റെ വെരിഫൈഡ് പേജിൽ എന്തോ വിഷയത്തിൽ ഒരു കമന്റ് ഇട്ടതിന്റെ പേരിൽ വോട്ടറെ തെറിവിളിക്കുകയാണ് വി.ഡി സതീശൻ ചെയ്തതെന്നും പി.വി അൻവർ പറഞ്ഞു. സംഭവം വിവാദമായതോടെ ആലുവ റൂറൽ എസ്.പിക്ക് ഒരു പരാതി വി.ഡി സതീശൻ നൽകിയിരുന്നു. പേജ് ആരോ ഹാക്ക് ചെയ്തുവെന്ന് ആരോപിച്ച് വി.ഡി സതീശൻ മാധ്യമങ്ങളെ വിളിച്ച് ചേർത്തും ഈ ആരോപണം ഉന്നയിച്ചു.
പി.വി അൻവർ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ടെങ്കിൽ ഇന്നും അത് അവിടെയുണ്ട്. ആരും ഹാക്ക് ചെയ്തുവെന്ന് പറഞ്ഞ് താൻ കരയില്ല. പ്രതിപക്ഷ നേതാവായ താങ്കൾ കാര്യമായിട്ടാണ് ഒരു പരാതി നൽകിയതെങ്കിൽ അതിന്റെ സ്റ്റാറ്റ്സ് വ്യക്തമാക്കാമോ എന്നും പി.വി അൻവർ ചോദിച്ചു. ഇതൊരു തുറന്ന കത്തായി പരിഗണിക്കണമെന്ന് പറഞ്ഞ അദ്ദേഹം സതീശൻ വോട്ടറെ വിളിച്ച തെറി അങ്ങയുടെ അത്രയും നിലവാരമില്ലാത്തതിനാൽ ഇവിടെ പറയുന്നില്ലെന്നും പറഞ്ഞു. തെറീശൻ എന്നൊരു പേരും കമന്റ് വന്നതിന് ശേഷം സതീശനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: p v anvar aganist v d satheeshan; open letter written through facebook