മയിൻസ്, ജർമിനി > അഫ്ഗാൻ വനിതയ്ക്ക് അമേരിക്കൻ വ്യോമസേന വിമാനത്തിൽ സുഖപ്രസവം. താലിബാന്റെ നിയന്ത്രണത്തിലായതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് സംഭവം. കാബൂളിൽ നിന്ന് കഴിഞ്ഞ ശനിയാഴ്ച ജർമിനിയിലെ റാംസ്റ്റീൻ വ്യോമതാവളത്തിലേക്ക് പറന്ന യു എസ് വ്യോമസേന സി‐17 ഗ്ലോബ്മാസ്റ്റർ വിമാനത്തിലാണ് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. റാംസ്റ്റീനിൽ ഇറങ്ങിയ ഉടനെ വിമാനത്തിന്റെ കാർഗോ ബേയിൽ യുവതി പ്രസവിക്കുകയായിരുന്നു.
Medical support personnel from the 86th Medical Group help an Afghan mother and family off a U.S. Air Force C-17, call sign Reach 828, moments after she delivered a child aboard the aircraft upon landing at Ramstein Air Base, Germany, Aug. 21. (cont..) pic.twitter.com/wqR9dFlW1o
— Air Mobility Command (@AirMobilityCmd) August 21, 2021
എയർ മൊബൈലിറ്റി കമാൻഡ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വാർത്ത ലോകത്തെ അറിയിച്ചത്. വിമാനം പറന്നുയർന്ന് 28,000 അടി ഉയരം പിന്നിട്ടതോടെ വിമാനത്തിലെ വായു മർദം കുറയുകയും യുവതിയ്ക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് യുവതിയുടെ ആരോഗ്യനില വഷളാകാതിരക്കാൻ താഴ്ന്ന് പറക്കാൻ പൈലറ്റുമാർ തിരുമാനിച്ചു.
വിമാനം റാസ്റ്റീനിൽ എത്തിയ ഉടനെ വ്യോമസേന മെഡിക്കൽ സംഘം വിമാനത്തിലെത്തി യുവതിയ്ക്ക് ചികിത്സ നൽകി. പ്രസവിച്ചതിനെ തുടർന്ന് അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും ഇരുവരും സുഖമായിരിക്കുന്നതായും അമേരിക്കൻ വ്യോമസേന അധികൃതർ ട്വീറ്റ് ചെയ്തു.