മനാമ > ഇന്ത്യയുൾപ്പെടെ 18 രാജ്യങ്ങളിൽനിന്നുള്ള യാത്രാവിലക്ക് നാലു മാസത്തിനുശേഷം ഒമാന് പിന്വലിച്ചു. ഒമാന് അംഗീകരിച്ച കോവിഡ് വാക്സിനുകൾ സ്വീകരിച്ചവര്ക്ക് സെപ്തംബര് ഒന്നുമുതല് രാജ്യത്ത് പ്രവേശിക്കാമെന്ന് സിവില് ഏവിയേഷന് അതോറിറ്റി പ്രസ്താവനയില് അറിയിച്ചു.
യാത്രക്കാര് കോവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചതായി തെളിയിക്കുന്ന ക്യൂര്ആര് കോഡ് അടങ്ങിയ സര്ട്ടിഫിക്കറ്റ് ഹാജരാക്കണം. ഒമാന് ആരോഗ്യവകുപ്പ് അംഗീകരിച്ച ഒറ്റ ഡോസ് എടുത്തവരും സര്ട്ടിഫിക്കറ്റ് ഹാജരാക്കണം. 18 വയിസിന് താഴെയുള്ളവരെ വാക്സിന്, പിസിആര് പരിശോധന നിബന്ധനകളില് നിന്ന് ഒഴിവാക്കി. ഫൈസര്, സിനോവാക്, ഓക്സ്ഫഡ് ആസ്ട്രസെനക്ക (കോവിഷീല്ഡ്), സ്പുട്നിക്ക് വാക്സിനുകള്ക്കാണ് ഒമാനില് അംഗീകാരമുള്ളത്. കോവിഷീല്ഡ്, സ്പുട്നിക് വാക്സിനുകള് സ്വീകരിച്ചവര്ക്കാണ് ഇന്ത്യയില് നിന്ന് യാത്രാനുമതി ലഭിക്കുക. വാക്സിന് സ്വീകരിച്ച് 14 ദിവസം പൂര്ത്തിയായിരിക്കണം.
യാത്രയ്ക്ക് 96 മണിക്കൂറിനിടെ നടത്തിയ പിസിആര് പരിശോധനയില് നെഗറ്റീവ് ഫലം ഉളളവരെ നിര്ബന്ധിത സമ്പര്ക്ക വിലക്കില് നിന്ന് ഒഴിവാക്കി. പിസിആര് സര്ട്ടിഫിക്കറ്റില് സാധുവായ ക്യൂആര് കോഡ് ഉണ്ടായിരിക്കണം. പിസിആര് ടെസ്റ്റ് നടത്താത്തവര്ക്ക് സ്വന്തം ചെലവില് മസ്കത്ത് വിമാനത്താവളത്തില് പരിശോധനയ്ക്ക് സംവിധാനമുണ്ട്. ഫലം ലഭിക്കുംവരെ ഇവര്ക്ക് നിര്ബന്ധിത സമ്പര്ക്ക വിലക്ക് ഉണ്ടാകും. പോസിറ്റീവ് കേസുകള് പത്ത് ദിവസം ക്വാറന്റൈനിൽ കഴിയണം. രോഗമുക്തരായവര് വിമാനത്താവളത്തിലെ പരിശോധനയില് പോസിറ്റീവായാല് നാട്ടില് ഇവര് യാത്രക്കുമുന്പ് ഐസലേഷനില് കഴിഞ്ഞതിന്റെ തെളിവുകള് ഹാജരാക്കിയാല് ഒമാനില് ഐസലേഷന് ഒഴിവാക്കും.
ഇന്ത്യയില് കോവിഡ് കുതിച്ചുയര്ന്നതിനെ തുടര്ന്ന് കഴിഞ്ഞ ഏപ്രിലിലാണ് യാത്രാ വിമാനങ്ങള്ക്ക് ഒമാന് വിലക്ക് ഏര്പ്പെടുത്തിയത്. ഇന്ത്യ അന്താരാഷ്ട്ര വിമാന സര്വീസുകള്ക്കുള്ള വിലക്ക് പിന്വലിക്കാത്തതിനാല് എയര് ബബിള് കരാര് പ്രകാരമായിരിക്കും വിമാന സര്വീസ്. അവധിക്ക് നാട്ടിലെത്തി വിലക്കുകാരണം തിരിച്ചുപോകാന് പ്രയാസപ്പെട്ട നൂറുകണക്കിന് പ്രവാസികള്ക്ക് വലിയ ആശ്വാസമായിരിക്കയാണ് പുതിയ തീരുമാനം.















