കൊച്ചി > ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവിട്ടാലുടന് ‘കലാപത്തിന്’ ഒരുങ്ങാന് എ, ഐ ഗ്രൂപ്പുകളുടെ നീക്കം. രമേശ് ചെന്നിത്തലയുടെ സോഷ്യല് മീഡിയ പ്രചരണത്തിനായുള്ള ‘ആര്സി ബ്രിഗേഡ്’ എന്ന വാട്സപ്പ് ഗ്രൂപ്പിലെ ചര്ച്ചകള് പുറത്തായി. ഡിസിസി പ്രസിഡന്റ് പട്ടിക പുറത്തുവന്നാലുടന് എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാലിനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ പ്രചരണം കടുപ്പിക്കണമെന്നും വാട്സപ്പ് സന്ദേശങ്ങളില് പ്രവര്ത്തകര് പറയുന്നുണ്ട്. അന്വര് സാദത്ത് എംഎല്എ, ചെന്നിത്തലയുടെ മകന് രോഹിത് ചെന്നിത്തലയും ഉള്പ്പെടെയുള്ളവര് ഈ വാട്സാപ്പ് ഗ്രൂപ്പിലുണ്ട്.
ഡിസിസി പ്രസിഡന്റ് ആകാന് നിന്ന നേതാക്കളുടെ ഫാന്സുകാരെ ഇളക്കിവിടണം, രമേശ് ജിയെ പുതിയ ഗ്രൂപ്പുകാര് മനപൂര്വ്വം ആക്രമിക്കുന്നതായി വരുത്തണം, ഉമ്മന്ചാണ്ടിയുടെ സോഷ്യല് മീഡിയ കൈകാര്യം ചെയ്യുന്നവരുമായി ബന്ധപ്പെട്ട് ജോയിന്റ് അറ്റാക്ക് നല്കണം, ഗ്രൂപ്പ് കളിക്കുന്നത് ആര്സിയും ഒസിയും അല്ലായെന്നും തെളിയിക്കണം, പുതിയ ലിസ്റ്റിനെതിരെ ഗ്രൂപ്പിനതീതമായി പ്രതിഷേധം ഉണ്ടാക്കണം- തുടങ്ങിയവയൊക്കെയാണ് ആര്സി ബ്രിഗേഡിന്റെ ആഹ്വാനം.
ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക സാമൂഹ്യമാധ്യമത്തില് പ്രചരിച്ചതും വാര്ത്തയായതും കെപിസിസിക്ക് പുലിവാലായിരുന്നു. കെ സുധാകരന് അനുകൂലികളുടെ ‘കെഎസ് ബ്രിഗേഡ്’എന്ന വാട്സാപ് ഗ്രൂപ്പില് പട്ടിക പ്രസിദ്ധീകരിച്ചെന്നാണ് ദൃശ്യമാധ്യമങ്ങള് ഉള്പ്പെടെ വാര്ത്ത നല്കിയത്. എന്നാല്, പട്ടിക ചോര്ന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പിന്നീട് സുധാകരന് വാര്ത്താകുറിപ്പ് ഇറക്കി.
എഐസിസി പരിഗണനയിലുള്ള പട്ടികയ്ക്കെതിരെ ഉമ്മന്ചാണ്ടിയും രമേശ് ചെന്നിത്തലയും ശക്തമായ എതിര്പ്പുയര്ത്തുകയാണ്. അതിനിടെ ഉമ്മന്ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ വെടിപൊട്ടിച്ച് കെ മുരളീധരനും കെപിസിസി വര്ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില് സുരേഷും രംഗത്തുവന്നിരുന്നു. എല്ലാവരെയും തൃപ്തിപ്പെടുത്തി പട്ടിക തയ്യാറാക്കാനാകില്ലെന്ന് ഇരുവരും പ്രതികരിച്ചു.
പട്ടിക പ്രതിപക്ഷനേതാവ് അടക്കമുള്ള ചിലരുടെ മാത്രം കാര്മികത്വത്തില് തയ്യാറാക്കിയതാണെന്നാണ് ഉമ്മന്ചാണ്ടിയും ചെന്നിത്തലയും ഉയര്ത്തിയ വിമര്ശം. മുതിര്ന്ന നേതാക്കളായ ഇവരെ അവഗണിച്ചു. മുരളീധരന്, കൊടിക്കുന്നില് സുരേഷ് എന്നിവരുടെ നോമിനികള് പട്ടികയില് ഇടംനേടുകയും ചെയ്തു. പലയിടത്തും നേതാക്കള് പരസ്യമായി രംഗത്തുവന്നു. പോസ്റ്ററുകളും പ്രചരിച്ചു.
ഏതാനും ദിവസങ്ങള്ക്കുള്ളില് ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക ഹൈക്കമാന്ഡ് പുറത്തുവിടുമെന്നാണ് സൂചന. ഹൈക്കമാന്ഡുമായി അന്തിമവട്ട ചര്ച്ചകള്ക്കായി വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഡല്ഹിയിലേക്ക് പോയിട്ടുണ്ട്.