തിരുവനന്തപുരം > അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള് മനുഷ്യരാശിക്ക് വലിയ പാഠമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മതമൗലികവാദത്തിന്റെ പേരില് തീ ആളിപ്പടര്ത്തിയാല്, ആ തീയില്ത്തന്നെ വീണ് ജനങ്ങളും രാഷ്ട്രങ്ങളും എരിഞ്ഞുപോവും എന്ന പാഠം. ഇങ്ങനെ മനുഷ്യരാശി എരിഞ്ഞു തീരാതിരിക്കാനുള്ള മനുഷ്യസ്നേഹത്തിന്റെ മഹത്തായ സന്ദേശം ലോകത്തിനു പകര്ന്നു തന്ന മഹാനാണ് ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ 167-ാം ജന്മ വാര്ഷിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലോകത്തിന്റെ ഏതെല്ലാം ഭാഗത്ത് മനുഷ്യര് ചേരിതിരിഞ്ഞ് സ്പര്ദ്ധ മുന്നിര്ത്തി വര്ഗീയ-വംശീയ തലങ്ങളില് പൊരുതി നശിക്കുന്നുണ്ടോ അവിടെയൊക്കെ എത്തേണ്ട പാഠമാണ് ഗുരു മുന്നോട്ടുവെച്ചത്; ‘മനുഷ്യര് ഒന്നാണ്’ എന്ന മതം. മതത്തിന്റെ പേരുപറഞ്ഞ് മനുഷ്യന് മനുഷ്യനെ തട്ടിക്കൊണ്ടുപോവുകയും കഴുത്തറുത്തു കൊല്ലുകയും ചെയ്യുന്ന കാലമാണിത്. മത-വര്ഗീയ-ഭീകര സംഘടനകള് ഇതുപോലെ മനുഷ്യത്വത്തെ ഞെരിച്ചുകൊല്ലുന്ന ഘട്ടം ചരിത്രത്തില് അധികമുണ്ടായിട്ടില്ല. ഇത്തരമൊരു കാലത്ത് മനുഷ്യത്വം നിറഞ്ഞ ഗുരുവചനങ്ങള്ക്ക് എത്രയോ വലിയ പ്രസക്തിയാണുള്ളത്. ജാതിക്കും മതത്തിനും അതീതമായി മനുഷ്യത്വം ഉയര്ത്തിപ്പിടിച്ചുകൊണ്ട് മുമ്പോട്ടുപോകാന് നമുക്കു കഴിയണം. അതു ചെയ്യുമ്പോഴേ നാം ഗുരുവിനെ ആദരിക്കുന്നു എന്നു പറയാനാവൂ.- മുഖ്യമന്ത്രി പറഞ്ഞു.
പാലസ്തീന്റെ കാര്യത്തിലും രോഹിങ്ക്യന് അഭയാര്ത്ഥികളുടെ കാര്യത്തിലും എന്നു വേണ്ട, ഇന്ത്യയില്ത്തന്നെ ഇടയ്ക്കിടെ കാണാവുന്ന വര്ഗീയ കലാപത്തില്വരെ പ്രവര്ത്തിക്കുന്നതു ചേരി തിരിഞ്ഞ മനുഷ്യരുടെ വംശ വിദ്വേഷമാണ്. പഞ്ചാബ് പ്രശ്നം, കാശ്മീര് പ്രശ്നം തുടങ്ങിയവയിലൊക്കെ ഇതാണ് അടിയൊഴുക്കായി നിന്നതും. ജാതിക്കും മതത്തിനും അതീതമായ മനുഷ്യത്വത്തിന്റെ പേരിലുള്ള ഒരുമ എന്ന ഗുരുസന്ദേശമാണ് ഇത്തരം സാമൂഹിക മഹാരോഗങ്ങള്ക്കുള്ള ആത്യന്തികമായ ഔഷധം.
‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്നും ‘മനുഷ്യാണാം മനുഷ്യത്വം ജാതി’ എന്നും ‘മതമേതായാലും മനുഷ്യന് നന്നായാല് മതി’ എന്നും ലോകത്തെ ഉപദേശിച്ച ശ്രേഷ്ഠനായ ഗുരുവര്യനാണു നമുക്കുള്ളത്. ഇങ്ങനെ മനുഷ്യരാശിക്കാകെ എക്കാലത്തേക്കും വേണ്ട ഉപദേശങ്ങള് നല്കിയ ഋഷിവര്യന് കേരളീയനാണ് എന്നത് കേരളത്തിന്റെയാകെയും, ഓരോ കേരളീയന്റെയും അഭിമാനമാണ്. മനുഷ്യത്വത്തിന്റെ അതിജീവനം ഗുരു കാട്ടിയ പാതയിലൂടെയാണ് എന്നത് ലോക സംഭവങ്ങളിലൂടെ വീണ്ടും വീണ്ടും തെളിയുകയാണ്. ‘മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി’ എന്നു മനസ്സിലുറപ്പിക്കാന് കഴിഞ്ഞാല് ജാതിയുടെയോ മതത്തിന്റെയോ വംശത്തിന്റെയോ പേരില് വാളെടുക്കാന് ആര്ക്കും കഴിയില്ല.
ഗുരുവിനെയും ഗുരുസന്ദേശങ്ങളെയും മറന്നുകൊണ്ട് നമുക്കു മുന്നോട്ടു പോകാനാവില്ല. ഈ തിരിച്ചറിവ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്ക്കാരിന്റെ എത്രയോ നടപടികളില് കാണാം. ഗുരുവിന്റെ ‘ജാതിയില്ലാ വിളംബര’ത്തിനു നൂറ്റഞ്ചു വര്ഷമാവുകയാണ്. ആ വിളംബരത്തിന്റെ നൂറാം വയസ്സ് കേരളമാകെ അതി ഗംഭീരമായി സര്ക്കാരിന്റെ ആഭിമുഖ്യത്തില് ആഘോഷിച്ചു. ഗുരുവിന്റെ ‘ദൈവദശക’ത്തിന്റെ കാര്യത്തിലും വലിയ ആഘോഷം നാം നടത്തി. തിരുവനന്തപുരത്ത് ഗുരുവിന്റെ പ്രതിമ സ്ഥാപിച്ചു. കേരളത്തിലെ ആദ്യ ഓപ്പണ് സര്വ്വകലാശാല സ്ഥാപിക്കുമ്പോള് അത് ശ്രീനാരായണ ഗുരുവിന്േറ പേരിലാക്കാന് രണ്ടുതവണ ആലോചിക്കേണ്ടിവന്നില്ല. ഇതിനും പുറമേയാണ് ഈ ചെമ്പഴന്തിയില് തന്നെ കണ്വെന്ഷന് സെന്റര് നിര്മിച്ചത്. ഒറീസയിലെ സ്തൂപക്ഷേത്ര മാതൃകയിലാണ് കണ്വെന്ഷന് സെന്റര് പണികഴിപ്പിച്ചത്. ഗുരുവിന്റെ ജീവചരിത്രവും സംഭാവനകളും വ്യക്തമാക്കുന്ന ആദ്യത്തെ ഡിജിറ്റല് മ്യൂസിയം ഇവിടെ വേണമെന്നു നിശ്ചയിച്ചതു ഗുരുവിന്റെ സന്ദേശത്തിന്റെ മൂല്യം നന്നായി അറിയുന്നതുകൊണ്ടാണ്. ഗുരു അരുവിപ്പുറത്തു പ്രതിഷ്ഠ നടത്തി. അതിന്റെ മൂല്യം ഉള്ക്കൊണ്ടുകൊണ്ട് ഈ സര്ക്കാര് ശ്രീകോവിലിലേക്കു പൂജയ്ക്കായി ജാതിഭേദം നോക്കാതെ മനുഷ്യരെ കയറ്റി. ഗുരുവിന്റെ സന്ദേശം മുന്നോട്ടുകൊണ്ടുപോവുന്ന സര്ക്കാരാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.