തിരുവനന്തപുരം > എല്ലാവർക്കും ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന മാതൃകാ സംസ്ഥാനമാണ് കേരളമെന്ന് ഓക്സ്ഫാം ഇന്ത്യ റിപ്പോർട്ട്. രാജ്യത്തെ ആരോഗ്യമേഖലയിലെ പ്രതിസന്ധി തുറന്നുകാട്ടാൻ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ നേട്ടം എടുത്തുപറയുന്നത്. പൊതുജന ആരോഗ്യസംവിധാനവും പ്രാഥമികാരോഗ്യ കേന്ദ്രവുമാണ് കേരളത്തിന്റെ വിജയഗാഥയ്ക്കു പിന്നിൽ. രാജ്യത്തെ ആരോഗ്യരംഗം അസമത്വം നിറഞ്ഞതാണ്. പിന്നോക്കം നിൽക്കുന്നവർക്ക് പരിരക്ഷയില്ല. 2019ലെ കണക്കുപ്രകാരം രാജ്യത്ത് 28 ശതമാനം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കുറവുണ്ട്.
മധ്യപ്രദേശിൽ 41 ഉം ബിഹാറിൽ 39 ഉം ഉത്തർപ്രദേശിൽ 30 ഉം ശതമാനം കുറവാണ്. എന്നാൽ, കേരളത്തിൽ അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപവും അധികാരവികേന്ദ്രീകരണവും പൊതു ആരോഗ്യസംവിധാനം മികച്ചതാക്കി. ഇതാണ് സംസ്ഥാനത്തെ നിതി ആയോഗിന്റെ പട്ടികയിൽ ഒന്നാമതാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇൻഷുറൻസ്
പരാജയം
കേന്ദ്രത്തിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പരാജയമാണ്. പട്ടികജാതി –-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 86 ശതമാനം കുടുംബം പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് പുറത്താണ്. പൊതുസ്വകാര്യ പങ്കാളിത്തം (പിപിപി) മാതൃക ഇൻഷുറൻസിൽ നടപ്പാക്കിയതും തിരിച്ചടിയായി. എല്ലാവർക്കും ചികിത്സയെന്ന അവകാശം കേന്ദ്രം അട്ടിമറിച്ചതായും റിപ്പോർട്ടിൽ പറയുന്നു.