കാബൂൾ > സർക്കാർ,- സ്വകാര്യ സർവകലാശാലകളിൽ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചുള്ള വിദ്യാഭ്യാസത്തിന് താലിബാന്റെ വിലക്ക്. സമൂഹത്തിലെ മുഴുവന്‍ തിന്മകളുടെയും അടിസ്ഥാനം ഇതാണെന്ന് ആരോപിച്ചാണ് ഹെറാത്ത് പ്രവിശ്യയിലെ സര്‍വകലാശാലകളില്‍ താലിബാന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തശേഷമുള്ള താലിബാന്റെ ആദ്യ നടപടിയാണ് ഇത്.
സ്ത്രീകളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള അവകാശങ്ങളില്‍ ഇടപെടില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ് ഫത്വ പുറപ്പെടുവിച്ചത്.
അധ്യാപകരുടെയും വിദ്യാഭ്യാസ സ്ഥാപന ഉടമകളുടെയും യോഗത്തിലാണ് താലിബാന് തീരുമാനം പ്രഖ്യാപിച്ചതെന്ന് അഫ്ഗാനിസ്ഥാന് വാര്‍ത്താ ഏജന്‍സിയായ ഖാമ റിപ്പോര്‍ട്ട് ചെയ്തു. അധ്യാപികമാര്‍ പെണ്‍കുട്ടികള്‍ക്കു മാത്രമേ ക്ലാസ് എടുക്കാന്‍ പാടുള്ളൂവെന്നും താലിബാൻ പ്രതിനിധി മുല്ലാ ഫരീദ് പറഞ്ഞു.അതിനിടെ, അഫ്ഗാനിലെ പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഏക സ്കൂളായ ഓൾ- ഗേൾസ് ബോർഡിങ് സ്കൂളിന്റെ സ്ഥാപക ശബാന ബാസിജ്-റാസിഖ് സ്കൂളിൽ പഠിച്ചിരുന്ന കുട്ടികളുടെ രേഖകൾ തീയിട്ട് നശിപ്പിക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.
കുട്ടികളെയും കുടുംബത്തെയും സംരക്ഷിക്കുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നാണ് ശബാന പറയുന്നത്.
വേഷംമാറി താലിബാന്
കാബൂള്‍ > സാധാരണഗതിയില്‍ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് എകെ 47 തോക്കുകളുമായി കാണപ്പെടുന്ന താലിബാന്‍കാര്‍ യുഎസ് സൈനികരുടെ വേഷത്തില്‍ പരിശോധന നടത്തുന്നതായി റിപ്പോര്‍ട്ട്.
വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാരെ ഉള്‍പ്പെടെ നിരീക്ഷിക്കുന്നതിനായി അഫ്ഗാൻ സേനയിൽനിന്ന് പിടിച്ചെടുത്ത യൂണിഫോമും ആയുധങ്ങളും ധരിച്ച് താലിബാന്‍കാര്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തുന്നതായി വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്.
അത്യാധുനിക ആയുധങ്ങളും ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും നൈറ്റ് വിഷൻ കണ്ണടകളും ധരിച്ച താലിബാന്‍കാരുടെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.