കാസർകോട്: ചോരച്ചാലുകളൊഴുകുന്ന തെരുവുകളിൽനിന്ന് മടങ്ങിയെത്തിയുള്ള കൂടിച്ചേരലിന് കാത്തിരിക്കുകയാണ് അഫ്ഗാനിസ്താനിൽ കുടുങ്ങിക്കിടക്കുന്ന സിസ്റ്റർ തെരേസ് ക്രാസ്തയുടെ അമ്മയും സഹോദരങ്ങളും. താൻ സുരക്ഷിതയാണെന്നും ഭയപ്പെടേണ്ടെന്നുമുള്ള സിസ്റ്ററുടെ സന്ദേശം കഴിഞ്ഞദിവസം വീണ്ടും വീട്ടുകാർക്ക് ലഭിച്ചെങ്കിലും മകളുടെ അവസ്ഥ തിരിച്ചറിഞ്ഞ അമ്മ സെലിൻ ഡിസൂസയെ സമാധാനിപ്പിക്കാൻ ബുദ്ധിമുട്ടുകയാണ് ബന്ധുക്കൾ. വിമാന സർവീസ് പുനരാരംഭിക്കുന്നതോടെ ഇറ്റലിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് സിസ്റ്റർ. അവിടന്ന് ഇന്ത്യയിലേക്ക് വരാനാണ് പദ്ധതി .
കാബൂളിലെ ശാരീരിക മാനസിക വൈകല്യമുള്ള കുട്ടികൾക്കായുള്ള പി.ബി.കെ. ഇറ്റാലിയാന പകൽപരിപാലന കേന്ദ്രത്തിൽ അധ്യാപികയാണ് സിസ്റ്റർ. 30 കുട്ടികളുള്ള കേന്ദ്രത്തിൽ പാകിസ്താനിൽ നിന്നുള്ള ഒരു കന്യാസ്ത്രീയും സിസ്റ്റർക്കൊപ്പമുണ്ട്. നെല്ലിയാടി ആശ്രമം സുപ്പീരിയറായിരിക്കെ 2017-ലാണ് അവർ പോപ്പിന്റെ നിയന്ത്രണത്തിൽ അഫ്ഗാനിസ്താനിലുള്ള സ്ഥാപനത്തിലെ ജോലി തിരഞ്ഞെടുത്തത്.
അവിടത്തെ രാഷ്ട്രീയ കാലാവസ്ഥ മനസ്സിലാക്കി പലരും മുഖം തിരിച്ചെങ്കിലും സിസ്റ്റർ തെരേസ ആ ജോലി സ്വമനസ്സാലെ ഏറ്റെടുക്കുകയായിരുന്നു. എന്തു ബുദ്ധിമുട്ട് വന്നാലും വേദനിക്കുന്നവർക്കൊപ്പം നിൽക്കാനുള്ള മനസ്സാണ് സിസ്റ്ററെ ഇത്തരത്തിലുള്ള ദൗത്യം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചതെന്ന് സഹോദരങ്ങൾ പറയുന്നു.
മംഗളൂരു ഇടവകയിലെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി എന്ന വിഭാഗത്തിൽ 20 വർഷം മുമ്പാണ് തെരേസ കന്യാസ്ത്രീ പട്ടം സ്വീകരിച്ചത്. ബേളയിലെ പരേതനായ ലൂയീസ് ക്രാസ്തയുടെയും സെലിൻ ഡിസൂസയുടെയും 11 മക്കളിൽ രണ്ടാമത്തെയാളാണ് തെരേസ ക്രാസ്ത. താലിബാൻ രക്തച്ചൊരിച്ചിൽ തുടങ്ങിയപ്പോൾ ഓഗസ്റ്റ് 17-ന് നാട്ടിലേക്ക് മടങ്ങാൻ സിസ്റ്റർ തയ്യാറെടുത്തിരുന്നെങ്കിലും വിമാനത്താവളം നിശ്ചലമായതിനാൽ യാത്ര മുടങ്ങുകയായിരുന്നു.