കൊല്ലം
സ്ത്രീധന പീഡനത്തെ തുടർന്ന് ബിഎഎംഎസ് വിദ്യാർഥി വിസ്മയ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച കേസിൽ കുറ്റപത്രം തയ്യാറാക്കൽ അന്തിമഘട്ടത്തിൽ. ഭർത്താവ് കിരൺകുമാറാണ് പ്രതി. സംഭവം നടന്നിട്ട് 61 ദിവസം പിന്നിട്ടു. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുമെന്ന് അന്വേഷണത്തിന് നേതൃത്വംനൽകുന്ന ശാസ്താംകോട്ട ഡിവൈഎസ്പി പി രാജ്കുമാർ പറഞ്ഞു.
പഴുതടച്ച കുറ്റപത്രം തയ്യാറാക്കാൻ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജുമായി അന്വേഷണ ഉദ്യേഗസ്ഥൻ ചർച്ച നടത്തി. ആന്തരികാവയവ പരിശോധനാ റിപ്പോർട്ടിൽ വിസ്മയയുടേത് തൂങ്ങിമരണമാണെന്നാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഈ നിഗമനമാണ്. ഇനി കിട്ടാനുള്ള മൊബൈൽ ഫോൺ പരിശോധനകളുടെ ഫോറൻസിക് റിപ്പോർട്ട് പ്രധാനമാണ്.
കിരൺകുമാർ നിരന്തരം പീഡിപ്പിക്കുന്നതായി വിസ്മയ അമ്മയെയും സഹോദരനെയും സുഹൃത്തുക്കളെയും അറിയിച്ചിരുന്നു. വാട്സ് ആപ് സന്ദേശങ്ങളുമുണ്ട്. ഇവയാണ് ഫോറൻസിക് വിഭാഗം പരിശോധിക്കുന്നത്. റിപ്പോർട്ട് ഉടൻ കിട്ടിയില്ലെങ്കിൽ അവ കോടതിയിൽ ഹാജരാക്കാൻ അന്വേഷകസംഘം ആവശ്യപ്പെടും. ജൂൺ 21ന് ആണ് വിസ്മയ (24)യെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടറായിരുന്ന കിരൺകുമാറിനെ കഴിഞ്ഞ ആറിന് സർക്കാർ പിരിച്ചുവിട്ടു.