മാട്ടൂൽ
അമേരിക്കയിൽനിന്ന് മരുന്ന് എത്തിയതോടെ സ്പൈനൽ മസ്കുലർ അട്രോഫി (എസ് എംഎ) രോഗം ബാധിച്ച മുഹമ്മദിന് തിങ്കളാഴ്ച ചികിത്സ തുടങ്ങും. ഞായറാഴ്ച രാവിലെയോടെ കൊച്ചിയിലെത്തിച്ച ‘സോൾജൻസ്മ’ മരുന്ന് തിങ്കളാഴ്ച കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിക്കും. തിങ്കളാഴ്ച രാവിലെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധന പൂർത്തിയാക്കും. ചൊവ്വാഴ്ച മരുന്ന് കുത്തിവയ്ക്കാനാകുമെന്നാണ് വിദഗ്ദാഭിപ്രായം. മെഡിക്കൽ ബോർഡ് ചേർന്ന് നടപടികൾ പൂർത്തിയാക്കി.
കഴിഞ്ഞ മാസം നെതർലാൻഡ്സിൽ നടത്തിയ രക്തസാമ്പിൾ പരിശോധന വിജയമായിരുന്നു. 18 കോടി രൂപ വിലവരുന്ന മരുന്നിന് നികുതിയിനത്തിലെ 6.5 കോടി ഒഴിവാക്കിയിട്ടുണ്ട്. നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എംപിമാരായ എളമരം കരീം, വി ശിവദാസൻ, ഇ ടി മുഹമ്മദ് ബഷീർ എന്നിവരും പ്രധാനമന്ത്രിക്ക് നിവേദനം നൽകി. ചികിത്സാ സഹായസമിതിക്ക് 46.78 കോടിയിലേറെ രൂപയാണ് ലഭിച്ചത്. 7.77 ലക്ഷം പേരാണ് പണം നൽകിയത്.
സഹോദരിയുടെ
ചികിത്സയും ഉടൻ
ആവശ്യമുള്ളതിനേക്കാൾ ഫണ്ട് ലഭിച്ചതോടെ സഹോദരി അഫ്രയുടെ ചികിത്സയും സമിതി ഏറ്റെടുത്തു. അഫ്രയ്ക്ക് പരസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ല. ആദ്യഘട്ടത്തിൽ ഇരുകാലിലും ശസ്ത്രക്രിയ നടത്തും. ശേഷം എസ്എംഎ രോഗത്തിന് ഒമ്പതുവർഷം ചികിത്സ നടത്തും. അഞ്ച് കോടിയോളം രൂപ ചെലവുവരും. അമേരിക്കയിൽനിന്നുള്ള മരുന്ന് വർഷംതോറും കുത്തിവയ്ക്കണം. മെഡിക്കൽ ബോർഡിന്റെ നിർദേശം ലഭിക്കുന്നതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഇരുവരുടെയും ചികിത്സാച്ചെലവ് കഴിച്ച് ബാക്കി തുക സമാന രോഗമുള്ളവർക്ക് നൽകും.