തിരുവനന്തപുരം > ഓണക്കാലത്ത് വിലക്കയറ്റം തടഞ്ഞത് സർക്കാരിന്റെ വിപണി ഇടപെടൽ. സപ്ലൈകോ, കൺസ്യൂമർഫെഡ്, കൃഷി വകുപ്പ്, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ നാടെങ്ങും നടത്തിയ ഓണച്ചന്തകൾ പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തി.സൗജന്യ പലവ്യഞ്ജന കിറ്റ് നൽകിയതിന് പുറമെയാണ് സബ്സിഡി നിരക്കിൽ ഓണച്ചന്തകൾ തുറന്നത്. സപ്ലൈകോ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും താലൂക്ക് കേന്ദ്രങ്ങളിലും ഓണം ഫെയറുകൾ സംഘടിപ്പിച്ചു. ചന്തകളില്ലാത്ത സ്ഥലങ്ങളിൽ മാവേലി സ്റ്റോറുകൾ ഫെയറുകളാക്കി. ജില്ലാതല ചന്തകളിൽ ഗൃഹോപകരണങ്ങളും വിലക്കുറവിൽ ലഭ്യമാക്കി. ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് അഞ്ചുമുതൽ 30 ശതമാനംവരെ വിലക്കിഴിവ് നൽകി.
സഹകരണ വകുപ്പ് കൺസ്യൂമർഫെഡ് മുഖേന 2000 ഓണം സഹകരണ വിപണികൾ തുറന്നു. ഹോർട്ടികോർപ്, വിഎഫ്പിസികെ എന്നിവവഴി കൃഷി വകുപ്പ് 2000 കാർഷിക ചന്ത സംഘടിപ്പിച്ചു. പൊതുവിപണിയിലേതിനേക്കാൾ കൂടിയ വിലയ്ക്കാണ് കർഷകരിൽനിന്ന് ഉൽപ്പന്നങ്ങൾ ശേഖരിച്ചത്. 4220 ടൺ പഴം–-പച്ചക്കറി സംഭരിച്ചു. ഇതിനാൽ വിലക്കുറവിന് പുറമെ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള പച്ചക്കറി വരവും കുറവായിരുന്നു. കുടുംബശ്രീയും മേളകൾ സംഘടിപ്പിച്ചു. ഓൺലൈൻ വിപണന മേള ‘ഓണം ഉത്സവി’ലൂടെ സാധനങ്ങൾ ഡെലിവറി ചാർജില്ലാതെ വീടുകളിലെത്തിച്ചു.
കൺസ്യൂമർഫെഡിന് വിൽപ്പന
150 കോടി
ഓണക്കാലത്ത് 150 കോടിയുടെ വിൽപ്പനയുമായി കൺസ്യൂമർഫെഡ്. 10 ദിവസത്തെ ഓണവിപണി, ത്രിവേണി സൂപ്പർമാർക്കറ്റ് വഴി 90 കോടിയും വിദേശമദ്യവിൽപ്പനവഴി 60 കോടി രൂപയുമാണ് ലഭിച്ചത്. 2000 ഓണ വിപണികളാണ് തുറന്നത്.13 ഇനം സാധനങ്ങൾ 50 ശതമാനം വരെ വിലക്കുറവിൽ നൽകി. തിരുവനന്തപുരത്തും എറണാകുളത്തും ഓൺലൈൻ ബുക്കിങ് വഴി ഹോം ഡെലിവറി നടത്തി. ഗൃഹോപകരണങ്ങൾ ഉൾപ്പെടെ കുറഞ്ഞ നിരക്കിൽ നൽകാനായെന്ന് കൺസ്യൂമർഫെഡ് എംഡി ഡോ. എസ് കെ സനിൽ പറഞ്ഞു.