തൃശൂർ
ഓണവിപണിയിൽ ജൈവ ഉൽപ്പന്നങ്ങളുമായി സംസ്ഥാനത്ത് 1040 ഓണം വിപണനമേള. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനൊപ്പം കോവിഡ് കാലത്ത് കുടുംബശ്രീ സംരംഭങ്ങൾക്ക് അതിജീവനത്തിന് കരുത്ത് പകർന്ന് കുടുംബശ്രീ ഓണം ഉത്സവ് എന്ന ഓൺലൈൻ ഷോപ്പിങ് ഫെസ്റ്റിവലും സംഘടിപ്പിച്ചതോടെ വിപണനം സജീവമായി.
സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള സംഘകൃഷി ഗ്രൂപ്പുകാരുടെ നേന്ത്രക്കായയും ജൈവ പച്ചക്കറികളുമെല്ലാം ഓണവിപണിയിൽ മുഖ്യ ആകർഷകമായി. കുടുംബശ്രീയുടെ സൂക്ഷ്മസംരംഭകർ ഉൽപ്പാദിപ്പിക്കുന്ന വിവിധതരം ഉപ്പേരികൾ, ശർക്കരവരട്ടി, അച്ചാറുകൾ, ധാന്യപ്പൊടികൾ, കറിപ്പൊടികൾ, മസാലക്കൂട്ട്, ജൈവഅരി, ജാം, സ്ക്വാഷ്, കശുവണ്ടി, വാളൻപുളി, സോപ്പ്, ലോഷൻ, സാനിറ്റൈസർ, മാസ്ക് എന്നിവയും വിപണിയിലും പോർട്ടലിലും ലഭ്യം. ഓണസദ്യയൊരുക്കാനുള്ള പായസക്കൂട്ടും മധുരം പകർന്നു.
തൃശൂർ അതിരപ്പിള്ളിയിൽ ആദിവാസി മേഖലയിൽ നിന്നുള്ള ബ്രാൻഡഡ് ഉൽപ്പന്നങ്ങളായ കാപ്പിപ്പൊടി, തേൻ, വരക്, നെല്ലിക്കയും കാന്താരിമുളകും ചേർത്ത അച്ചാർ, ഇടുക്കി ഗോത്രവർഗ മേഖലയിലെ സംരംഭകർ തയ്യാറാക്കുന്ന കലർപ്പില്ലാത്ത ബ്രാൻഡഡ് ഉൽപ്പന്നങ്ങളായ കൂവപ്പൊടി, ചെറുതേൻ, കുടംപുളി, പാലക്കാട് അട്ടപ്പാടിയിൽ നിന്നുളള സംരംഭകർ ഹിൽവാല്യു എന്ന പേരിൽ ബ്രാൻഡ് ചെയ്ത് തയ്യാറാക്കുന്ന ഉൽപ്പന്നങ്ങളായ തേൻ, റാഗി, ചോളം, തിന, വരക്, കറുവപ്പട്ട, കുരുമുളക്, ഏലം, ഗ്രാമ്പൂ, വെളിച്ചെണ്ണ എന്നീ ഉൽപ്പന്നങ്ങൾക്കും ആവശ്യക്കാരേറെയാണ്. ഇത് ആദിവാസികൾക്കും പുതുജിവിതമാർഗമൊരുക്കി.
www.kudumbashreebazaar.com വഴിയുള്ള ഓൺലൈൻ വിപണനം 31വരെ തുടരും. എല്ലാ ഉൽപ്പന്നങ്ങൾക്കും കുടുംബശ്രീ നൽകുന്ന പത്തു ശതമാനം ഡിസ്കൗണ്ടും സംരംഭകർ നൽകുന്ന ഡിസ്കൗണ്ടുകൂടി ചേർത്ത് 40 ശതമാനം വരെ ആകർഷകമായ ഡിസ്കൗണ്ട് നൽകിയാണ് വിൽപ്പന. 1000 രൂപയിൽ കൂടുതൽ ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് പത്തു ശതമാനം അധിക ഡിസ്കൗണ്ടും ലഭിക്കും. ഓർഡർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ തപാൽ വകുപ്പുമായി ചേർന്ന് ഇന്ത്യയിലെവിടെയും ഡെലിവറി ചാർജ് ഇല്ലാതെ എത്തിക്കാനുള്ള സംവിധാനവും കുടുംബശ്രീ ഒരുക്കിയിട്ടുണ്ട്.
ഓണമേളകൾ സജ്ജീകരിക്കുന്നതിന് നഗരസഭാ സിഡിഎസുകൾക്ക് 15,000 രൂപയും ഗ്രാമ സിഡിഎസുകൾക്ക് 12,000 രൂപയും കുടുംബശ്രീ നൽകി. കുടുംബശ്രീയുടെ 1020 നാനോ മാർക്കറ്റുകൾ, 11 കുടുംബശ്രീ ബസാറുകൾ, 13 ഷോപ്പി ഔട്ട്ലെറ്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ കിയോസ്കുൾ എന്നിവ വഴിയും ഉൽപ്പന്നങ്ങൾ ലഭിക്കും.