അച്ഛനൊപ്പം സിനിമാ ചിത്രീകരണം കാണാനെത്തിയ കൊച്ചുപെണ്കുട്ടിയില് സംവിധായകന്റെ കണ്ണുപതിയുന്നു. അഭിനയിക്കാന് ഉടന് ക്ഷണം. ചെന്നൈയില് താമസമാക്കിയ മലയാളി കുടുംബത്തിലെ പെണ്കുട്ടിയുടെ ജീവിതം അതോടെ മാറിമറിഞ്ഞു. തമിഴ് നവതരംഗ സിനിമയുടെ തലതൊട്ടപ്പന് കെ ബാലചന്ദറാണ് 10 വയസ്സുകാരി ചിത്രയെ ക്യാമറയ്ക്കു മുന്നിൽ എത്തിക്കുന്നത്. കമല്ഹാസനൊപ്പം രജനികാന്തിന്റെ അരങ്ങേറ്റ ചിത്രം അപൂര്‍വരാഗങ്ങള്‍ ചിത്രയുടെയും അദ്യചിത്രം. പിന്നീട് സിനിമകളുടെ തിരക്കായി. പഠനംപോലും പാതിവഴിയിലായി.
ബാലതാരത്തില്നിന്ന് തെന്നിന്ത്യയിലാകെ നിറഞ്ഞുനിന്ന നായികയായി. പ്രേംനസീറും മോഹന്ലാലും ഒന്നിച്ച ആട്ടക്കലാശം (1983) ചിത്രയ്ക്ക് മലയാളത്തില് സ്വപ്നതുല്യമായ അരങ്ങേറ്റമായി. പിന്നീടുള്ള രണ്ടു പതിറ്റാണ്ട് വെള്ളിത്തിരയില് നിറഞ്ഞുനിന്നു. മലയാളം എന്നും മനസ്സില് സൂക്ഷിക്കുന്ന ചിത്രങ്ങളില് വേഷമിട്ടു.
അതിലളിതവും സ്വാഭാവികവുമായ അഭിനയശൈലി അവരെ ആസ്വാദകരുടെ ഹൃദയത്തോട് അടുപ്പിച്ചുനിര്ത്തി. പഞ്ചാഗ്നി, അമരം, പാഥേയം, അദ്വൈത്വം, കളിക്കളം, ഒരു വടക്കന് വീരഗാഥ, ദേവാസുരം, കമ്മീഷണര്, ഏകലവ്യന് തുടങ്ങിയ ഹിറ്റുകളുടെ ഭാഗമായി. തൊണ്ണൂറുകളില് സജീവമായി നിൽക്കുമ്പോഴാണ് സിനിമ താൽക്കാലികമായി ഉപേക്ഷിച്ചത്. രോഗബാധിതനായ അച്ഛനൊപ്പം അവസാന നാളുകൾ ചെലവഴിക്കാന് മുന്‍ഗണന നല്കിയതിനാലാണ് സിനിമയ്ക്ക് അവധി നല്കിയതെന്ന് പിന്നീട് അഭിമുഖത്തില് അവര് പറഞ്ഞിട്ടുണ്ട്.
സിനിമയില്നിന്ന് വിട്ടുനില്ക്കുമ്പോഴാണ് വിവാഹം. ഭര്ത്താവിന്റെകൂടി നിര്ബന്ധത്തിനു വഴങ്ങി വീണ്ടും ക്യാമറയ്ക്കു മുന്നില്. മഴവില്ല്, സൂത്രധാരൻ എന്നിവയാണ് പിന്നീട് അഭിനയിച്ച ചിത്രങ്ങള്. തമിഴ് സീരിയലുകളിലും നിറഞ്ഞുനിന്നു. സൗഹൃദത്തിന്റെ പേരില് ചെയ്ത സിനിമകള് അവരുടെ ചിലച്ചിത്രജീവിതത്തെ ബാധിച്ചിട്ടുണ്ട്. ചില പ്രത്യേക കഥാപാത്രങ്ങളിലേക്ക് ഒതുക്കപ്പെടാന് അത് വഴിവച്ചു.