മൂന്നാർ
മഹാമാരിയുടെ കെടുതികൾമറന്ന് ഇടവേളയ്ക്കുശേഷം മൂന്നാറിൽ വിനോദസഞ്ചാരികളുടെ വൻതിരക്ക്. ഓണാഘോഷത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് സഞ്ചാരികളാണ് മൂന്നാർ എത്തിയത്. ഹോം സ്റ്റേ, ഇടത്തരം കോട്ടേജുകൾ ഉൾപ്പെടെ റിസോർട്ടുകൾ സന്ദർശകരെ കൊണ്ടുനിറഞ്ഞു. ഓണം അവധി പ്രമാണിച്ച് ശനിയാഴ്ച രാവിലെ മുതൽ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ മൂന്നാറിൽ എത്തി.
രാത്രി വൈകിയെത്തിയവർക്ക് മുറികൾ കിട്ടാത്ത സ്ഥിതിയുണ്ടായി. പ്രധാന വിനോദ കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള, തമിഴ്നാട് അതിർത്തിയായ ടോപ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നല്ലതിരക്ക് അനുഭവപ്പെട്ടു. രാജമലയിൽ വരയാടുകളെ കാണാൻ രാവിലെമുതൽ നീണ്ട ക്യൂവായിരുന്നു. നയമക്കാട് അഞ്ചാംമൈലിൽ എത്തിയ സന്ദർശകരെ വനംവകുപ്പിന്റെ വാഹനത്തിലാണ് കൊണ്ടുപോയത്. മാട്ടുപ്പെട്ടിയിലും, കുണ്ടളയിലും എത്തിയ വിനോദസഞ്ചാരികൾ ഭൂരിഭാഗവും ബോട്ടിങ് നടത്തിയ ശേഷമാണ് മടങ്ങിയത്. അപൂർവം ചിലർക്ക് പുഴയരികിലും പുൽമേടുകളിലും നിന്ന കാട്ടാനകളെ കാണാനും സാധിച്ചു. ടോപ് സ്റ്റേഷനിലെത്തി തമിഴ്നാടിന്റെ വിദൂര ദൃശ്യഭംഗി ആസ്വദിക്കുന്നതിനും സന്ദർശകത്തിരക്കായിരുന്നു. ദീർഘനാളുകൾക്ക് ശേഷം മൂന്നാറിലെ മിക്കഹോട്ടലുകളും തുറന്നുപ്രവർത്തിച്ചു.