ഗുൽബർഗ
മുൻ ഇന്ത്യൻ ഫുട്ബോൾ താരവും ഒളിമ്പ്യനുമായ സയീദ് ഷാഹിദ് ഹക്കിം (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കർണാടകത്തിലെ ഗുൽബർഗയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിഖ്യാത പരിശീലകൻ സയീദ് അബ്ദുൾ റഹിമിന്റെ മകനാണ്. 1960 റോം ഒളിമ്പിക്സിൽ ഇന്ത്യൻ ടീം അംഗമായ ഹക്കിം, ദേശീയ ടീമിന്റെ പരിശീലകനുമായി. ഫിഫ അംഗീകൃത റഫറിയുമായി. 33 മത്സരങ്ങൾ നിയന്ത്രിച്ചു. ഒളിമ്പിക്സിൽ റഹിമായിരുന്നു ഇന്ത്യയുടെ കോച്ച്. എന്നാൽ, റോമിൽ അച്ഛനുകീഴിൽ ഒരു മത്സരത്തിലും ഹക്കിമിന് കളിക്കാനായില്ല. 1960 മുതൽ 1966 വരെ സർവീസസ് ടീമിനായും പന്തുതട്ടി.
2017ൽ രാജ്യം ധ്യാൻചന്ദ് പുരസ്കാരം നൽകി ആദരിച്ചു. കഴിഞ്ഞവർഷം കോവിഡിനെ അതിജീവിച്ച ഹക്കിം, രണ്ടുദിവസമായി നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലായിരുന്നു.