നയ്റോബി
പത്തു കിലോമീറ്റർ നടത്തത്തിൽ വെള്ളി നേടി അഭിമാനമായി അമിത് കാത്രി. 42 മിനിറ്റ് 17.94 സെക്കൻഡിലാണ് അമിത് രണ്ടാമതെത്തിയത്. ദേശീയ ജൂനിയർ റെക്കോഡുകാരനായ അമിത്, അവസാന രണ്ട് ലാപ്പിലാണ് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
കെനിയയുടെ ഹെറിസ്റ്റോൺ വന്യനി സ്വർണം നേടി (42:10.84). നടത്തത്തിനിടെ ശ്വാസതടസ്സം നേരിട്ടാണ് അമിത് മത്സരം പൂർത്തിയാക്കിയത്. ഹരിയാന സ്വദേശിയായ പതിനേഴുകാരന്റെ ആദ്യ രാജ്യാന്തര മത്സരവുമാണിത്. ‘പ്രതീക്ഷിച്ച ഫലമല്ല ഇത്. എന്നാലും ഈ നേട്ടത്തിൽ സന്തോഷവാനാണ്’– അമിത് മത്സരശേഷം പ്രതികരിച്ചു.
പെൺകുട്ടികളുടെ 400 മീറ്ററിൽ പ്രിയ മോഹൻ നാലാമതായി. മികച്ച വ്യക്തിഗത പ്രകടനവുമായാണ് ഈ കർണാടകക്കാരി മടങ്ങിയത് (52.77 സെക്കൻഡ്). ആൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ ഡൊണാൾഡ് മകിമയ്–രാജും നാലാമതായി (15.82 മീറ്റർ).