നയ്റോബി
ലോകവേദിയിൽ അഞ്ജു ബോബി ജോർജിന് പിൻഗാമിയായി– ശെെലി സിങ്. അണ്ടർ 20 ലോക അത്–ലറ്റിക് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ ലോങ്ജമ്പിൽ 6.59 മീറ്റർ താണ്ടി ശെെലി വെള്ളി സ്വന്തമാക്കി. ഒരു സെന്റീമീറ്റർ വ്യത്യാസത്തിൽ സ്വീഡന്റെ മാജ അസ്കാഗ പൊന്നണിഞ്ഞു (6.60). ട്രിപ്പിൾ ജമ്പിലും ഒന്നാമതെത്തിയ മാജ ഡബിളുമായാണ് മടങ്ങുന്നത്. ഉക്രെയ്ന്റെ മരിയ ഹൊറിയെലോവയ്ക്കാണ് വെങ്കലം (6.50).
അഞ്ജുവിന് ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ സമ്മാനിച്ച പരിശീലകനും ഭർത്താവുമായ റോബർട്ട് ബോബി ജോർജാണ് ശെെലിയുടെയും കോച്ച്. മൂന്നുവർഷമായി ബംഗളൂരുവിലെ അഞ്ജു ബോബി സ്പോർട്സ് അക്കാദമിയിലാണ് പതിനേഴുകാരിയുടെ പരിശീലനം. യോഗ്യതാ റൗണ്ടിൽ 6.40 മീറ്റർ ചാടി ഒന്നാമതായി ഫെെനലിൽ എത്തിയ ശെെലി ആദ്യ രണ്ട് ശ്രമങ്ങളിലും 6.34 മീറ്ററാണ് മറികടന്നത്. മൂന്നാംചാട്ടത്തിൽ 6.59 മീറ്റർ. മികച്ച വ്യക്തിഗത ദൂരം. തൊട്ടടുത്ത രണ്ടു ചാട്ടവും ഫൗളായി. അവസാന ശ്രമം 6.37 മീറ്ററാണ്. നാലാംചാട്ടത്തിലാണ് മാജ സ്വർണമുറപ്പിച്ചത്.
ഉത്തർപ്രദേശിലെ ഝാൻസിയിൽ ജനിച്ച ശൈലിക്ക് കുഞ്ഞുവയസ്സിലേ അച്ഛൻ നഷ്ടപ്പെട്ടു. തയ്യൽക്കാരിയായ അമ്മയാണ് വളർത്തിയത്. ശൈലിയുടെ മികവ് കണ്ട റോബർട്ട് താരത്തെ അക്കാദമിയിലേക്ക് തെരഞ്ഞെടുത്തു. പാരിസ് ഒളിമ്പിക്സാണ് ലക്ഷ്യം.