നെടുമ്പാശേരി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണം പിടികൂടുന്നതിൽ കസ്റ്റംസ് കാര്യക്ഷമമല്ലെന്ന് ആക്ഷേപം. സ്വർണക്കടത്തുസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ ഒറ്റുകാർ നൽകുന്ന വിവരം മാത്രമാണ് കസ്റ്റംസിന് ആശ്രയം. ഒരുമാസത്തിനുശേഷമാണ് അനധികൃതമായി കടത്താൻ ശ്രമിച്ച രണ്ടേമുക്കാൽ കിലോയിലധികം സ്വർണം കൊച്ചി വിമാനത്താവളത്തിൽ പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ രണ്ട് യാത്രക്കാർ ശനി, ഞായർ ദിവസങ്ങളിലായി കൊണ്ടുവന്ന സ്വർണം പിടികൂടിയത് സ്വർണക്കടത്തുസംഘങ്ങൾ തമ്മിലുള്ള ഒറ്റിന്റെ ഭാഗമാണെന്നാണ് സൂചന. സ്വർണം ഒളിപ്പിച്ചുകടത്തുന്ന വിവരം കസ്റ്റംസിനെ ഒരാൾ വിളിച്ച് അറിയിച്ചപ്പോഴാണ് രണ്ടുപേരും പിടിയിലായത്.
സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ സ്വർണക്കടത്ത് കേസുകൾ കൂടിയിട്ടും നെടുമ്പാശേരിയിൽ അത് കുറഞ്ഞതായി ആക്ഷേപമുണ്ട്. മയക്കുമരുന്നും സ്വർണവും കടത്തിയാൽ കണ്ടെത്താൻ ആധുനിക സ്കാനിങ് സംവിധാനവും ഡോഗ് സ്ക്വാഡും സിയാലിലുണ്ട്. എന്നിട്ടും ജൂലൈയിൽ കോടികൾ വിലവരുന്ന ബ്രൗൺഷുഗറുമായി കസ്റ്റംസ് പരിശോധനയിൽ കുരുങ്ങാതെ പുറത്തിറങ്ങിയ സിംബാബ്വെ സ്വദേശിനിയെ ആഭ്യന്തര ടെർമിനലിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ഇവർക്കൊപ്പം എത്തിയ ഒരാൾ റോഡുമാർഗം രക്ഷപ്പെട്ടു. കെനിയൻ സ്വദേശിയായ യുവാവിനെ പിടികൂടിയത് ഡിആർഐ നേരിട്ടെത്തിയാണ്.
സംസ്ഥാനത്തെ മയക്കുമരുന്ന്, സ്വർണക്കടത്ത് സംഘത്തിന്റെ ഇഷ്ടകേന്ദ്രമായി കൊച്ചി മാറുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടും വിമാനത്താവളത്തിലെ എയർ കസ്റ്റംസ് വിഭാഗം നിഷ്ക്രിയത്വം തുടരുകയാണ്. ഉദ്യോഗസ്ഥരും കള്ളക്കടത്തുകാരും ചേർന്ന ലോബി പ്രവർത്തിക്കുന്നുണ്ടോയെന്ന് സംശയമുയരുന്നുണ്ട്.