ന്യൂഡൽഹി
താലിബാന്റെ പിടിയിലായ അഫ്ഗാനിസ്ഥാൻ കടന്നുപോകുന്നത് ദാരുണമായ സ്ഥിതിയിലൂടെയാണെന്ന് പ്രശസ്ത സംവിധായിക സഹ്റ കരിമി പറഞ്ഞു.ഇന്ത്യ ടുഡേയ്ക്ക് നൽകിയ ഓൺലൈൻ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉക്രയിനിലേക്ക് പലായനം ചെയ്ത സഹ്റ. ആഗസ്ത് 15ന് കാബൂളിൽ ബാങ്കിൽ നിൽക്കുമ്പോഴാണ് പുറത്ത് വെടിയൊച്ചകൾ കേട്ടത്. തന്നെ തിരിച്ചറിയുമെന്ന് ഉറപ്പായതിനാൽ പിന്നിലെ വാതിലിലൂടെ രക്ഷപ്പെടാൻ ബാങ്ക് മാനേജർ വഴികാട്ടി.
പ്രാണരക്ഷാർഥം ഓടുമ്പോഴും താൻ തെരുവിലെ സ്ഥിതിഗതികൾ പകർത്തി ഇൻസ്റ്റഗ്രാമിൽ ലൈവിട്ടു. 1990ൽ താലിബാൻ അഫ്ഗാൻ ജനതയോട് എങ്ങനെ പെരുമാറി എന്നതിന്റെ തെളിവുകൾ അഫ്ഗാൻ ഫിലിം ഓർഗനൈസേഷന്റെ പക്കലുണ്ടെന്ന് സംഘടനയുടെ ജനറൽ ഡയറക്ടർ കൂടിയായ സഹ്റ പറഞ്ഞു. തങ്ങളുടെ ജീവിതവും ആവിഷ്കാര സ്വാതന്ത്ര്യവും സംരക്ഷിക്കാൻ പിന്തുണ ആവശ്യപ്പെട്ട് സഹ്റ പുറത്തുവിട്ട കത്ത് വ്യാപകമായി പ്രചരിച്ചിരുന്നു.