തിരുവനന്തപുരം
ഡിസിസി പ്രസിഡന്റുമാരെച്ചൊല്ലിയുള്ള അടി രൂക്ഷമാക്കി, കെപിസിസി നേതൃത്വം ഹെെക്കമാൻഡിന് കെെമാറിയ പട്ടിക ചോർന്നു. ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക സാമൂഹ്യമാധ്യമത്തിൽ പ്രചരിച്ചതും വാർത്തയായതും കെപിസിസിക്ക് പുലിവാലായി. കെ സുധാകരൻ അനുകൂലികളുടെ ‘കെഎസ് ബ്രിഗേഡ്’എന്ന വാട്സാപ് ഗ്രൂപ്പിൽ പട്ടിക പ്രസിദ്ധീകരിച്ചെന്നാണ് ദൃശ്യമാധ്യമങ്ങൾ ഉൾപ്പെടെ വാർത്ത നൽകിയത്. എന്നാൽ, പട്ടിക ചോർന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പിന്നീട് സുധാകരൻ വാർത്താകുറിപ്പ് ഇറക്കി.
എഐസിസി പരിഗണനയിലുള്ള പട്ടികയ്ക്കെതിരെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എതിർപ്പുയർത്തിയതിനു പിന്നാലെയാണ് പട്ടിക ചോർന്നത്. ഇത് ബോധപൂർവമാണെന്നാണ് ആക്ഷേപം. ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ വെടിപൊട്ടിച്ച് കെ മുരളീധരനും കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും രംഗത്തുവന്നു. എല്ലാവരെയും തൃപ്തിപ്പെടുത്തി പട്ടിക തയ്യാറാക്കാനാകില്ലെന്ന് ഇരുവരും പ്രതികരിച്ചു.
പട്ടിക പ്രതിപക്ഷനേതാവ് അടക്കമുള്ള ചിലരുടെ മാത്രം കാർമികത്വത്തിൽ തയ്യാറാക്കിയതാണെന്നാണ് ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഉയർത്തിയ വിമർശം. മുതിർന്ന നേതാക്കളായ ഇവരെ അവഗണിച്ചു. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ നോമിനികൾ പട്ടികയിൽ ഇടംനേടുകയും ചെയ്തു. പലയിടത്തും നേതാക്കൾ പരസ്യമായി രംഗത്തുവന്നു. പോസ്റ്ററുകളും പ്രചരിച്ചു.
എല്ലാവരെയും തൃപ്തിപ്പെടുത്തി പുനഃസംഘടന പ്രായോഗികമല്ലെന്നായിരുന്നു ഞായറാഴ്ച മുരളീധരന്റെ പ്രതികരണം. എല്ലാവരോടും അഭിപ്രായം ചോദിച്ചിട്ടുണ്ട്. രണ്ട് മുതിർന്ന നേതാക്കളോട് ചർച്ച നടത്തിയില്ലെന്നാണ് വിമർശം. അവരോടും ചർച്ച നടത്തിയിട്ടുണ്ട്. പട്ടിക ഉടൻ പുറത്തുവരും. തെരഞ്ഞെടുപ്പിൽ ഉപകാരമില്ലാത്തവർ പാർടിയിൽ വേണ്ട. യുഡിഎഫ് സ്ഥാനാർഥികളെ തോൽപ്പിക്കാൻ ശ്രമിച്ചവരും പാർടിയിൽ വേണ്ടെന്ന് കെ മുരളീധരൻ പറഞ്ഞു.