–
തിരുവനന്തപുരം
സർക്കാരിന്റെ വിവിധ ധനസഹായം സുതാര്യമായി അതിവേഗം അർഹരിൽ എത്തിക്കാൻ ഗുണഭോക്താക്കളുടെ ഏകീകൃത സാമൂഹ്യ രജിസ്ട്രി (യൂണിഫോംഡ് സോഷ്യൽ രജിസ്ട്രി) തയ്യാറാക്കുന്നു. ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ധനസഹായങ്ങൾക്കുള്ള ഗുണഭോക്താക്കളെ ഈ രജിസ്ട്രിയിൽനിന്നാകും കണ്ടെത്തുക. റീബിൽഡ് കേരള ഇനീഷ്യറ്റീവിൽ (ആർകെഐ) ധന, ഐടി വകുപ്പുകൾ ചേർന്നാണ് പദ്ധതി തയ്യാറാക്കുന്നത്.
ഡാറ്റാ സുരക്ഷ ഉറപ്പാക്കി നാഷണൽ ഇൻഫർമാറ്റിക് സെന്ററാണ് (എൻഐസി) സോഫ്റ്റ്വെയർ ഒരുക്കുന്നത്. ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന ആർകെഐ ഉന്നത യോഗം പദ്ധതിക്ക് അനുമതി നൽകി. മന്ത്രിസഭയുടെ അനുമതി അടുത്ത ദിവസം ലഭിക്കും. നിലവിൽ ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ധനസഹായങ്ങൾക്ക് വിവിധ വകുപ്പുകൾ വെവ്വേറെ ഗുണഭോക്തൃ പട്ടികയാണ് ഉപയോഗിക്കുന്നത്. ഇത്തരം പട്ടികയിൽ അനർഹർ കടന്നുകൂടുന്നതായും അർഹർ പുറത്താകുന്നതായും പരാതിയുണ്ട്. ഒന്നിലേറെ ആനുകൂല്യം കൈപ്പറ്റുന്നവരുമുണ്ട്. ഇതിന് പരിഹാരമായാണ് എല്ലാ വകുപ്പിനും ഉപയോഗിക്കാവുന്ന ഏകീകൃത സാമൂഹ്യ രജിസ്ട്രി തയ്യാറാക്കുന്നത്. ഇതിനായി ആധാർ വോൾട്ട് സംവിധാനം ഉപയോഗിക്കും. ഏകീകൃത രജിസ്ട്രിയുടെയും ആധാർ വോൾട്ടിന്റെയും ചുമതല ധനവകുപ്പിനാകും.
സാങ്കേതികസഹായവും മേൽനോട്ടവും ഐടി വകുപ്പിനും. ആർകെഐ സാമ്പത്തികസഹായം നൽകും. ഭക്ഷ്യം, തദ്ദേശം, കൃഷി, ന്യൂനപക്ഷ ക്ഷേമം, സാമൂഹ്യനീതി, റവന്യൂ, ദുരന്തനിവാരണം തുടങ്ങി എല്ലാ വകുപ്പും ക്ഷേമനിധി ബോർഡുകളും കോർപറേഷനുകളും രജിസ്ട്രിയുമായി ബന്ധിപ്പിക്കും. ഏതു വകുപ്പിനും ഗുണഭോക്താക്കളെ ഏകീകൃത സാമൂഹ്യ രജിസ്ട്രിയിൽനിന്ന് തെരഞ്ഞെടുക്കാനാകും.