ന്യൂഡൽഹി
ജാതിരാഷ്ട്രീയവും ഹിന്ദുത്വ ആശയങ്ങളും കലർത്തിയതായിരുന്നു കല്യാൺ സിങ്ങിന്റെ രാഷ്ട്രീയം. ഒരുകാലത്ത് രാജ്യത്തെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടിയ അദ്ദേഹം പെട്ടെന്ന് നിലംപതിക്കുകയും ചെയ്തു. ആർഎസ്എസിലൂടെ രാഷ്ട്രീയത്തിൽ എത്തിയിട്ടും ബിജെപിയുമായി പലപ്പോഴും കലഹിച്ചു. ‘ഹിന്ദുഹൃദയ സമ്രാട്ട്’ ആയി വാഴ്ത്തപ്പെട്ടിട്ടും പലപ്പോഴും സംഘപരിവാർ നേതൃത്വത്തിന് അനഭിമതനായി.
ഭൂരിപക്ഷ വർഗീയത ആളിക്കത്തിച്ച് 1991ൽ ബിജെപി യുപിയിൽ ഭരണം പിടിച്ചപ്പോൾ മുഖ്യമന്ത്രിയായി. പിന്നാക്കവിഭാഗക്കാരനെന്ന പ്രതിച്ഛായയും കല്യാൺ സിങ് ഉപയോഗിച്ചു. ബാബ്റി മസ്ജിദ് തകർത്ത ദിവസം വൈകിട്ട് രാജിവച്ചു. മസ്ജിദ് സംരക്ഷിക്കുമെന്നു നൽകിയ വാക്ക് പാലിക്കാതിരുന്നതിന് സുപ്രീംകോടതി 1994ൽ അദ്ദേഹത്തിന് ഒരു ദിവസത്തെ തടവുശിക്ഷ വിധിച്ചു. 1997ൽ വീണ്ടും മുഖ്യമന്ത്രിയായെങ്കിലും രണ്ടു വർഷത്തിനകം സ്ഥാനമൊഴിയേണ്ടിവന്നു. 1998ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ 58 സീറ്റിൽ ജയിച്ച ബിജെപിക്ക് കാർഗിൽ സംഘർഷത്തിനുശേഷം 1999ലെ തെരഞ്ഞെടുപ്പിൽ 29ൽ മാത്രമാണ് ജയിക്കാനായത്. വാജ്പേയി പ്രധാനമന്ത്രിയാകുന്നതിലെ കല്യാൺ സിങ്ങിന്റെ അതൃപ്തിയുടെ പ്രതിഫലനമാണ് ഇതെന്ന് നേതൃത്വം കണ്ടെത്തി. മുഖ്യമന്ത്രിപദം ഒഴിഞ്ഞ് കേന്ദ്രമന്ത്രിയാകാൻ നിർദേശിച്ചു. വഴങ്ങാതിരുന്ന കല്യാൺ സിങ്ങിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിനു പിന്നാലെ ബിജെപിയിൽനിന്നും പുറത്തായി.
പിന്നീട് അദ്ദേഹം രാഷ്ട്രീയക്രാന്തി പാർടിക്ക് രൂപംനൽകി. 2001ൽ നാല് നിയമസഭാ സീറ്റിൽ ജയിക്കാനായെങ്കിലും പരീക്ഷണം മുന്നോട്ടുപോയില്ല. വാജ്പേയിയുടെ അഭ്യർഥനയിൽ 2004ൽ ബിജെപിയിൽ തിരിച്ചെത്തി. അതേവർഷം ബുലന്ദ്ഷഹറിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2009ൽ വീണ്ടും പാർടിയിൽനിന്ന് പുറത്തുപോയി ഇട്ടാവ ലോക്സഭാ സീറ്റിൽ സ്വതന്ത്രനായി ജയിച്ചു. രാജസ്ഥാൻ ഗവർണറായിരിക്കെ 2019ലെ തെരഞ്ഞെടുപ്പുകാലത്ത്, താന് ബിജെപി പ്രവർത്തകനാണെന്ന് പരസ്യമായി പ്രഖ്യാപിച്ചത് വിവാദമായി.