ന്യൂഡൽഹി
അഫ്ഗാനിസ്ഥാനിലെ സ്ഥിതി ഭീകരമാണെന്നും എല്ലാം താലിബാൻകാർ തകർക്കുകയാണെന്നും കാബൂളിൽനിന്ന് ഇന്ത്യൻ സംഘത്തിനൊപ്പം രക്ഷപ്പെട്ടെത്തിയ അഫ്ഗാൻ എംപിമാരായ നരേന്ദർ സിങ് ഖൽസയും അനാർക്കലി ഹൊനാർയാറും പറഞ്ഞു. വ്യോമസേനാ വിമാനത്തിൽ ഹിൻഡൻ വ്യോമതാവളത്തിലിറങ്ങിയ നരേന്ദർ സിങ് മാധ്യമപ്രവർത്തകരോട് വിതുമ്പിക്കൊണ്ടാണ് സംസാരിച്ചത്. രണ്ട് ന്യൂനപക്ഷ എംപിമാരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 23 അഫ്ഗാൻകാരെയാണ് ഇന്ത്യയിലെത്തിച്ചത്.
ഇന്ത്യയെ തന്റെ “രണ്ടാമത്തെ വീട്’ എന്നാണ് നരേന്ദർ സിങ് വിശേഷിപ്പിച്ചത്.
കാബൂളിലെ വിമാനത്താവളത്തിലേക്ക് വരുംവഴി താലിബാൻകാർ തടഞ്ഞു. ഓടി രക്ഷപ്പെടുകയായിരുന്നു. അഫ്ഗാനിസ്ഥാനിലെ അവസ്ഥ മാറുമെന്നും രാജ്യത്ത് സമാധാനം പുനഃസ്ഥാപിച്ചശേഷം മടങ്ങുമെന്നും നരേന്ദർ സിങ് പറഞ്ഞു. താലിബാൻ ക്രൂരമായാണ് പെരുമാറിയതെന്ന് മറ്റൊരു സിഖ് യാത്രക്കാരൻ പറഞ്ഞു. പോകേണ്ട ആവശ്യമില്ലെന്നാണ് അവര് പറഞ്ഞത്. അത് വിശ്വസിക്കാനാകില്ല, അദ്ദേഹം പറഞ്ഞു.