കൊച്ചി
ഉത്രാട ദിവസമായ വെള്ളിയാഴ്ച രാവിലെമുതൽ വിപണികൾ സജീവമായിരുന്നെങ്കിലും നഗരത്തിൽ പതിവിലും തിരക്ക് കുറവായിരുന്നു. സാമൂഹ്യ അകലംപാലിച്ച് പലസമയങ്ങളിൽ തിരക്ക് ഒഴിവാക്കിയാണ് കടകളിൽ ആളുകളെത്തിയത്. പല കടകളും മാളുകളും ഓൺലൈൻ ഷോപ്പിങ് കാര്യക്ഷമമായി നടത്തിയതും തിരക്ക് കുറയാനിടയാക്കി.
പച്ചക്കറികളും പലവ്യഞ്ജനങ്ങളും പാലും അടക്കമുള്ള സാധനങ്ങൾ കടകളിൽനിന്ന് വീടുകളിൽ എത്തിച്ചുനൽകുന്ന ‘ഹോം ഡെലിവറി’ സംവിധാനം പ്രയോജനപ്പെടുത്താനും പലർക്കും കഴിഞ്ഞു. സിനിമാ തിയറ്ററുകൾ അടഞ്ഞുകിടക്കുന്നതിനാൽ മാളുകളിലും നിരത്തുകളിലും തിരക്ക് താരതമ്യേന കുറവായിരുന്നു. ഓണവിപണി ലക്ഷ്യമിട്ട് നിരവധി വഴിയോരക്കച്ചവടക്കാർ നിരത്തുകളിൽ ഉണ്ടായിരുന്നെങ്കിലും കോവിഡിനുമുമ്പുള്ളപോലെ തിരക്ക് എവിടെയും കണ്ടില്ല. പൂക്കളും പഴങ്ങളും പച്ചക്കറികളും ഉപ്പേരിയും അടക്കമുള്ളവ വഴിയോരക്കച്ചവടക്കാർ വിൽപ്പന നടത്തുന്നുണ്ട്.