തിരുവനന്തപുരം> കോവിഡ് പ്രതിസന്ധിയിലും പകിട്ടുകുറയാതെ കേരളം തിരുവോണ തിമിർപ്പിൽ. സംസ്ഥാന സർക്കാർ ഇടപെട്ടതിനാൽ വിലക്കയറ്റമുണ്ടായില്ല. അവശ്യവസ്തുക്കളുടെ പൂഴ്ത്തിവയ്പും കരിഞ്ചന്തയും ഒഴിവായി. ഓണത്തിന് സർക്കാർ സഹായമെത്താത്ത ഒരു കുടുംബവുമില്ല.
എല്ലാവർക്കും ഓണസമ്മാനം
ഓണസമ്മാനമായി 55.17 ലക്ഷം കുടുംബത്തിൽ സർക്കാർ 3200 രൂപ വീതം ക്ഷേമ പെൻഷനെത്തിച്ചു. നൽകിയത് 1690 കോടി. പെൻഷനില്ലാത്ത 14.78 ലക്ഷം ബിപിഎൽ–എഎവൈ കുടുംബത്തിന് 1000 രൂപവീതം നൽകി. 60 കഴിഞ്ഞ 57,655 പട്ടികവർഗക്കാർക്കും 75 ദിവസം ജോലി ചെയ്ത 1.35 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികൾക്കും 1000 രൂപവീതമെത്തി. 60,633 ആശ്വാസകിരണം ഗുണഭോക്താക്കൾക്കായി 40 കോടി രൂപ നൽകി. ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാർക്ക് അധികസേവന പ്രതിഫലം 18.70 കോടി വിതരണംചെയ്തു. 32,000 കലാകാരന്മാർക്ക് 2000 രൂപവീതമുണ്ട്. റേഷൻ വ്യാപാരികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണ കമീഷന് 10.6 കോടി നീക്കിവച്ചു.
തൊഴിൽ വകുപ്പിനുകീഴിൽ 2.35 ലക്ഷം തൊഴിലാളികൾക്ക് 71.78 കോടി നൽകി. ക്ഷേമനിധി അംഗങ്ങൾക്ക് 1000 രൂപ വീതം പ്രത്യേക ധനസഹായം അനുവദിച്ചു. പൂട്ടിക്കിടക്കുന്ന 310 ഫാക്ടറിയിലെ 21,582 കശുവണ്ടി തൊഴിലാളിക്ക് 2000 രൂപ വീതവും സൗജന്യനിരക്കിൽ അരിയും ലഭിച്ചു. അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളിലെ 1878 തൊഴിലാളികൾക്ക് 890 രൂപയുടെ ഭക്ഷ്യക്കിറ്റ് നൽകി. 1824 മരംകയറ്റ് തൊഴിലാളികൾക്ക് അവശതാ പെൻഷൻ ലഭിച്ചു. പരമ്പരാഗത വ്യവസായ മേഖലയിൽ വരുമാനമുറപ്പാക്കാൻ 40 കോടി വിതരണംചെയ്തു.
തൊഴിൽരഹിതരായ 810 കള്ളുചെത്ത് തൊഴിലാളികൾക്ക് 2500 രൂപയും 501 വിൽപ്പന തൊഴിലാളിക്ക് 2000 രൂപയും വീതം നൽകി. ചെറുകിട കരാറുകാർക്കും വിതരണക്കാർക്കും 1484 കോടി നൽകി.കെഎസ്ആർടിസി പെൻഷൻ 139.74 കോടി നൽകി. സർക്കാർ ജീവനക്കാർക്ക് 4000 രൂപ വീതം ബോണസും ഇതിന് അർഹതയില്ലാത്തവർക്ക് 2750 രൂപവരെ ഉത്സവബത്തയും കിട്ടി. 13 ലക്ഷത്തിലധികം ജീവനക്കാർക്കും തൊഴിലാളികൾക്കും ആനുകൂല്യമുണ്ടായി.
കുറ്റമറ്റ വിപണി ഇടപെടൽ
കൺസ്യൂമർഫെഡ് 2000 ഓണച്ചന്തയും സപ്ലൈകോ 1484 വിപണന മേളയുമൊരുക്കി. കൃഷി വകുപ്പ് രണ്ടായിരത്തിലേറെ നാടൻപഴം–-പച്ചക്കറി സ്റ്റാൾ തുറന്നു. സിപിഐ എം ആയിരത്തിലേറെ കേന്ദ്രത്തിൽ ജൈവപച്ചക്കറി വിപണന കേന്ദ്രം സജ്ജമാക്കി. 90 ലക്ഷം കുടുംബത്തിന് സർക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിന് 526 കോടിയാണ് ചെലവ്. 27.43 ലക്ഷം വിദ്യാർഥികൾക്ക് ഓണക്കിറ്റ് നൽകി. കുടുംബശ്രീ ആയിരത്തിലേറെ വിൽപ്പന കേന്ദ്രം തുറന്നു.